ഹർദീപ് സിങ് പുരിയേക്കാൾ സമ്പത്ത് ഭാര്യക്ക്; സ്വിറ്റ്സർലൻഡിൽ 34 കോടിയുടെ അപ്പാർട്ട്മെന്റും 10.66 കോടിയുടെ ജംഗമ ആസ്തിയും
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ വിവാദനായകനും ബി.ജെ.പിയുടെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ ഹർദീപ് സിങ് പുരിയെക്കാൾ സമ്പത്തുള്ളത് ഭാര്യക്ക്. പുരി സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് പുതിയ വരുമാന കണക്ക് പുറത്തുവന്നത്. അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള പുരിയെ ബി.ജെ.പി സംരക്ഷിക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നവംബർ 12-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി 74-കാരനായ പുരി ശനിയാഴ്ചയാണ് നാമനിർദ്ദേശ പത്രികയും സത്യവാങ്മൂലവും സമർപ്പിച്ചത്.
ഇതനുസരിച്ച് ഡൽഹിയിലെ വെസ്റ്റ് എൻഡ് മേഖലയിലുള്ള വീട് ഉൾപ്പെടെ 6.54 കോടി രൂപയുടെ ജംഗമ ആസ്തിയും 20 കോടി രൂപ വിലമതിക്കുന്ന സ്ഥാവര ആസ്തിയും പുരിക്കുണ്ട്. വാർഷിക വരുമാനം അഞ്ച് വർഷത്തിനിടെ 63.36 ലക്ഷം രൂപയിൽ നിന്ന് 75.57 ലക്ഷം രൂപയായി ഉയർന്നു. കേന്ദ്രമന്ത്രി എന്ന നിലയിലുള്ള പെൻഷനും ശമ്പളവും, ഡൽഹിയിലെ വസ്തുവിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ എന്നിവയാണ് വരുമാന മാർഗ്ഗം.
അതേസമയം പുരിയുടെ ഭാര്യ ലക്ഷ്മി പുരിക്ക് 10.66 കോടി രൂപയുടെ ജംഗമ ആസ്തിയും, ഗ്രേറ്റർ നോയിഡയിലെ 19.52 ലക്ഷം രൂപ വിലമതിക്കുന്ന വീടും സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള 3 ദശലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 34 കോടി രൂപ) വിലമതിക്കുന്ന അപ്പാർട്ട്മെന്റും ഉൾപ്പെടെ 9 കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അവർക്ക് 2,90,658 ഡോളറിന്റെ (ഏകദേശം 2.75 കോടി രൂപ) നിക്ഷേപവുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുരിയുടെ വാർഷിക വരുമാനം 12.21 ലക്ഷം രൂപയോളം ഉയർന്നപ്പോൾ, ഭാര്യയുടെ വരുമാനം ഇതേ കാലയളവിൽ 15.39 ലക്ഷം രൂപയിൽ നിന്ന് 1.69 കോടി രൂപയായി ഉയർന്നു.
ഇന്ത്യാ ഗവൺമെന്റിൽ നിന്നും ഐക്യരാഷ്ട്രസഭയിൽ നിന്നുമുള്ള പെൻഷൻ, ജനീവയിലെ വസ്തുവിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ എന്നിവയാണ് അവരുടെ വരുമാന മാർഗ്ഗങ്ങളായി രേഖയിൽ കാണിച്ചിരിക്കുന്നത്. ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് വിരമിച്ച ലക്ഷ്മി പുരി നയതന്ത്രജ്ഞയായും യു.എൻ ഉദ്യോഗസ്ഥയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുരിയുടെ കൈവശം 10,000 രൂപയും 32 ലക്ഷം രൂപയോളം വിലമതിക്കുന്ന വാഹനവുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഭാര്യയുടെ കൈവശം 20,000 രൂപയും 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമുണ്ട്. ഡൽഹിയിലെ നാല് ബാങ്ക് അക്കൗണ്ടുകളിലായി പുരിക്ക് 22.20 ലക്ഷത്തോളം രൂപയുണ്ട്, ലക്ഷ്മിക്ക് രാജ്യതലസ്ഥാനത്തെ രണ്ട് അക്കൗണ്ടുകളിലായി 1.02 കോടി രൂപയോളമുണ്ട്. ഇരുവരുടെയും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയർ സിറ്റിസൺസ് സേവിങ്‌സ് സ്കീം (എസ്സിഎസ്എസ്) അക്കൗണ്ടുകളിൽ യഥാക്രമം 20.54 ലക്ഷം രൂപയും 30 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
പുരിക്കോ ഭാര്യയ്ക്കോ ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കുടിശ്ശികയുള്ള വായ്പകളോ ബാധ്യതകളോ ഇല്ല. കേന്ദ്രമന്ത്രിക്കെതിരെ ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്നും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഒക്ടോബർ 28-നാണ് ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുരിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പാർലമെന്ററികാര്യ കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ രാജി വെച്ചതിനെ തുടർന്നാണ് രാജ്യസഭാ സീറ്റ് ഒഴിവുവന്നത്. അദ്ദേഹത്തിന്റെ കാലാവധി 2030 ഏപ്രിലിൽ അവസാനിക്കേണ്ടതായിരുന്നു.

