തൃണമൂൽ പിളർന്നു, ഇൻഡ്യ സഖ്യത്തിൽ ഭിന്നത; അടുത്ത ലക്ഷ്യം പഞ്ചാബ് -ഹർദീപ് സിങ് പുരി
text_fieldsഹർദീപ് സിങ് പുരി
ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ ഡൽഹിയിലെ യോഗത്തിനെ പരിഹസിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷയിലും ബംഗാളിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയും തങ്ങൾക്ക് വലിയ അവസരമൊരുക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് വലിയൊരു തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും മുതിർന്ന എം.പി സുഖേന്ദു ശേഖർ റോയിയുടെ രാജി ഇതിന്റെ പ്രധാന സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ഭരണപരമായ പരാജയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് റോയി പാർട്ടി വിട്ടത്. ആർ.ജി കർ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥി കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങൾ ബംഗാളിലെ ജനങ്ങളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും പുരി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി മമതാ ബാനർജിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളും, മറ്റ് സഖ്യകക്ഷികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഇൻഡ്യ സഖ്യത്തിൽ ഭിന്നതയുണ്ട് എന്നതിന്റെ തെളിവാണ്. തൃണമൂലിൽ നിന്ന് അകലുന്ന വോട്ടർമാർക്ക് പകരം പോകാൻ മറ്റൊരു ഇടമില്ല. അതേസമയം, കോൺഗ്രസിന് ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ വിജയത്തോടെ ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്. ബംഗാളിൽ പ്രവർത്തിച്ച അതേ ഊർജ്ജത്തോടെയാണ് ബി.ജെ.പി പഞ്ചാബ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. മുമ്പ് സഖ്യകക്ഷികളുടെ പങ്കാളിയായിരുന്ന ബി.ജെ.പിക്ക് പഞ്ചാബിൽ കാര്യമായ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനാണ് പാർട്ടി തീരുമാനം.
ഇതിനോടകം തന്നെ ആറ് എ.എ.പി എം.പിമാർ ബി.ജെ.പിയിൽ ചേർന്നതായും, വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ധനപരമായ ഉത്തരവാദിത്തമില്ലായ്മ, ക്രമസമാധാന തകർച്ച, ലഹരിമരുന്ന് മാഫിയ എന്നിവയിൽ ഭഗവന്ത് മാൻ സർക്കാർ വൻ പരാജയമാണെന്നും പുരി ആരോപിച്ചു.
രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും 23 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്ന ഇൻഡ്യ മുന്നണിയുടെ നിർണായക യോഗം ഡൽഹിയിൽ ചേർന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാനും യോഗത്തിൽ ധാരണയായി. 2026 ഏപ്രിലിൽ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി ഭരണത്തിലേറിയിരുന്നു. ഇൻഡ്യ സഖ്യത്തിനുള്ളിൽ തമിഴ്‌നാട്ടിലെ ഡി.എം.കെയും ആം ആദ്മി പാർട്ടിയും ചില വിഷയങ്ങളിൽ കോൺഗ്രസുമായുള്ള അകലം സൂചിപ്പിച്ചിരുന്നു. എങ്കിലും പ്രതിപക്ഷ ഐക്യം കാത്തുസൂക്ഷിക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

