‘ഹാപ്പി ബർത്ത്ഡേ പ്രധാൻ, ദയവായി രാജി വെക്കൂ’; കേന്ദ്രമന്ത്രിയുടെ ജന്മദിനത്തിൽ വേറിട്ട പ്രതിഷേധവുമായി സി.ജെ.പി
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ നടക്കുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടക്കുന്നു. വെള്ളിയാഴ്ച കേന്ദ്രമന്ത്രിയുടെ ജന്മദിനത്തിൽ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ.
ഒരു ഭാഗത്ത് പാർട്ടി പ്രവർത്തകർ ജന്മദിന ഗാനം ആലപിക്കുമ്പോൾ സമരപ്പന്തലിലെ ബോർഡിൽ ‘ഹാപ്പി ബർത്ത്ഡേ പ്രധാൻ, ദയവായി രാജി വെക്കൂ’ എന്ന് അഭിജീത് എഴുതുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ധർമേന്ദ്ര പ്രധാനിന് ജന്മദിനാശംസകൾ നേർന്ന ദിപ്കെ, തങ്ങൾക്ക് വേണ്ടി ഒരു ഉപകാരം ചെയ്ത് രാജി വെക്കണമെന്നും ജന്മദിന സമ്മാനമായി രാജി കത്ത് തങ്ങൾ അയച്ചു തരാൻ തയാറാണെന്നും അതിൽ വിരലടയാളം പതിക്കുക മാത്രം ചെയ്താൽ മതിയെന്നും പരിഹാസത്തോടെ പറഞ്ഞു.
ദേശീയതലത്തിൽ വൻ വിവാദമായ നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്രമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് സി.ജെ.പി ജന്തർ മന്ദിറിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തുടർച്ചയായ പരീക്ഷാ പരാജയങ്ങളും ക്രമക്കേടുകളും മൂലം രാജ്യമൊട്ടാകെ 17ലധികം വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തതെന്നും ഈ മരണങ്ങളുടെയെല്ലാം പൂർണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കാണെന്നും ദിപ്കെ ആരോപിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം നിർത്തിക്കാൻ കഴിഞ്ഞെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിയുന്നില്ലേ എന്ന് ചോദിച്ച അദ്ദേഹം, നീതിക്ക് വേണ്ടി പോരാടുന്ന തങ്ങളെ ഭരണകൂടം 'തീവ്രവാദികൾ' എന്ന് വിളിച്ച് ആക്ഷേപിക്കുകയാണെന്നും കുറ്റപ്പെടുത്തി.
സമരത്തിന്റെ അഞ്ചാം ദിവസം സി.ജെ.പിയുടെ എക്സ് അക്കൗണ്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഐ.ടി മന്ത്രാലയത്തിന്റെ സമിതിക്ക് മുന്നിൽ അഭിജീത് ഹാജരായിരുന്നു. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിൽ കാണിച്ച രഹസ്യാത്മകത നീറ്റ് ചോദ്യപേപ്പറിന്റെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം കമ്മിറ്റിക്ക് മുൻപിൽ തുറന്നടിച്ചു.
അതേസമയം, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കും കോക്രോച്ച് ജനതാ പാർട്ടിക്കും പൂർണ പിന്തുണയുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ജനീവയിലുള്ള അദ്ദേഹം, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിന് മുന്നിലെ 'ബ്രോക്കൺ ചെയർ' സ്മാരകത്തിന് സമീപത്ത് നിന്ന് പങ്കുവെച്ച വിഡിയോയിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും പരിസ്ഥിതി സംരക്ഷണവുമാണ് തന്റെ പ്രധാന ആവശ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 27-നകം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ജൂൺ 28 മുതൽ ജന്തർ മന്ദിറിൽ താൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും വാങ്ചുക് മുന്നറിയിപ്പ് നൽകി. സമരത്തിന്റെ ആദ്യദിനം മുതൽ സി.ജെ.പിയുടെ ആവശ്യങ്ങൾക്ക് സോനം വാങ്ചുക് പിന്തുണ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

