‘ഹനുമാൻ സൂപ്പർമാനെക്കാൾ ശക്തൻ’; ശാസ്ത്ര പരിപാടിയിൽ വിവാദ പ്രസംഗവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു
text_fieldsഹൈദരാബാദ്: ഇന്ത്യൻ ഇതിഹാസ കഥാപാത്രങ്ങളെ ജനപ്രിയ ഹോളിവുഡ് സൂപ്പർ ഹീറോകളേക്കാൾ ശക്തരും കരുത്തരുമെന്ന് വിശേഷിപ്പിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ഒരു ശാസ്ത്ര പരിപാടിയിലാണ് നായിഡുവിന്റെ വിവാദ പരാമർശങ്ങൾ.
‘ഹനുമാന്റെ ശക്തി സൂപ്പർമാനെക്കാൾ മികച്ചതാണ്. അർജുനൻ അയൺമാനേക്കാളും ബാറ്റ്മാനെക്കാളും വലിയ യോദ്ധാവായിരുന്നു. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകൾ അവതാർ പരമ്പരയേക്കാൾ മികച്ചതാണ്’ എന്നായിരുന്നു വാക്കുകൾ. തിരുപ്പതിയിലെ ദേശീയ സംസ്കൃത സർവകലാശാലയിൽ വെള്ളിയാഴ്ച നടന്ന ഭാരതീയ വിജ്ഞാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ നായിഡു തെലുങ്കിലാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്.
പാശ്ചാത്യ സൂപ്പർഹീറോ വിവരണങ്ങളിൽ മാത്രം ഒതുങ്ങുന്നതിനുപകരം ഇന്ത്യയുടെ ഇതിഹാസങ്ങളിലേക്കും സാംസ്കാരിക പൈതൃകത്തിലേക്കും കുട്ടികളെയും യുവാക്കളെയും ആകർഷിക്കാൻ മാതാപിതാക്കളോടും അധ്യാപകരോടും സമൂഹത്തോടും അഭ്യർത്ഥിക്കുകയും ചെയ്തു.
‘സ്പൈഡർമാൻ, ബാറ്റ്മാൻ, സൂപ്പർമാൻ തുടങ്ങിയ സാങ്കൽപ്പിക കഥാപാത്രങ്ങളെക്കാൾ വളരെ വലിയ മൂല്യങ്ങളും ശക്തിയും ആദർശങ്ങളുമാണ് ഇന്ത്യയിലെ പുരാണ നായകന്മാർ ഉൾക്കൊള്ളുന്നതെന്നും’ നായിഡുവിന്റെ പ്രസംഗത്തിലുണ്ട്. ‘ശ്രീരാമൻ ഇപ്പോഴും നീതിയുടെ ആത്യന്തിക പ്രതീകമാണ്ണ്. രാമരാജ്യം ആദർശ ഭരണത്തെ പ്രതിനിധീകരിക്കുന്നു. ഹിന്ദു ദൈവങ്ങളായ കൃഷ്ണന്റെയും ശിവന്റെയും മഹത്വത്തെക്കുറിച്ചും രാമായണത്തിൽ നിന്നും മഹാഭാരതത്തിൽ നിന്നുമുള്ള പാഠങ്ങളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കാനും’ നായിഡു സദസ്യരോട് അഭ്യർത്ഥിച്ചു.
സമകാലിക സിനിമയെ പരാമർശിച്ച് ‘ഇതിഹാസങ്ങൾ അവതാർ പോലുള്ള ജനപ്രിയ സിനിമകളേക്കാൾ ആഴമേറിയതാണ്’ എന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരിഹാസത്തിനും ട്രോളുകൾക്കും കാരണമായി.
‘ഒടുവിൽ മഹാഭാരതവും രാമായണവും സിനിമാ തിരക്കഥകളാണെന്ന് അദ്ദേഹം സമ്മതിച്ചു’വെന്ന് ഒരു ഉപയോക്താവ് എഴുതി. ‘എന്തൊരു അസംബന്ധം. മോദി അവയെക്കാൾ എല്ലാം ശക്തനും കരുത്തനുമാണ്’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ‘ഒരു സംഘിയെ സ്വാധീനിക്കുന്നതെങ്ങനെ? ഇന്ത്യയിലെ ഒരു പുസ്തകത്തിന്റെ പുതിയ തലക്കെട്ടായിരിക്കണം’ - മൂന്നാമൻ അഭിപ്രായപ്പെട്ടു.
വിവരസാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും വക്താവായി വിശേഷിപ്പിക്കപ്പെടുന്ന നായിഡു, ക്വാണ്ടം സയൻസിലെ പ്രവർത്തനത്തിന് നൊബേൽ നേടുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള ഏതൊരു ശാസ്ത്രജ്ഞനും 100 കോടി രൂപ പാരിതോഷികം നൽകുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച് വാർത്താശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

