ഹാനി ബാബുവിനെ ഇന്ന് ജയിലിലേക്ക് മാറ്റും
text_fieldsപ്രഫ. ഹാനി ബാബു
മുംബൈ: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയവെ കണ്ണിൽ അണുബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയും ഡൽഹി സർവകലാശാല അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ ബുധനാഴ്ച ജയിലിലേക്ക് മാറ്റും. ഹാനി ബാബുവിെൻറ രോഗം മാറിയതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ബ്രീച്ച് കാൻഡി ആശുപത്രി അധികൃതർ ബോംബെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണിത്.
രോഗം ഭേദമായതായി ഹാനി ബാബുവിെൻറ അഭിഭാഷകരും കോടതിയെ അറിയിച്ചു. തുടർ ചികിത്സയ്ക്ക് ഹാനി ബാബുവിനെ ജെ ജെ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്നും അവിടെ ഇല്ലാത്ത ചികിത്സ ആവശ്യമായി വന്നാൽ സ്വകാര്യ ആശുപത്രിയായ ബ്രീച്ച് കാൻറിയിൽ കൊണ്ടുപോകണമെന്നും സർക്കാറിന് കോടതി നിർദേശം നൽകി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കേണ്ടി വന്നാൽ ചെലവ് ഹാനി ബാബു തന്നെ വഹിക്കണമെന്ന സർക്കാർ അഭിഭാഷകെൻറ ആവശ്യം ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ.ജെ. ജാമാദാർ എന്നിവർ തള്ളി. ജയിൽപ്പുള്ളിക്ക് ചികിത്സ ലഭ്യമാക്കൽ സർക്കാറിെൻറ ഉത്തരവാദിത്തമാണെന്ന് കോടതി ഓർമിപ്പിച്ചു. ഭാര്യ ജെനി റൊവേനയുടെ ഹരജിയിൽ ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മേയിലാണ് ഹാനി ബാബുവിനെ സ്വന്തം ചെലവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

