ചെന്നൈ: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്നും വധശിക്ഷ മാത്രമേ അഴിമതി ഇല്ലാതാക്കൂ എന്നും മദ്രാസ് ഹൈകോടതി. പാവപ്പെട്ട കര്‍ഷകരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഞെട്ടിയ ഹൈകോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരാണ് ഈ അഭിപ്രായം പറഞ്ഞത്.
അഴിമതി അര്‍ബുദം പോലെ അതിവേഗം പടരുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലണം. അഴിമതി ഇല്ലാതാക്കാന്‍ വധശിക്ഷ നല്‍കണം -എന്‍. കിരുബകരന്‍, ബി. പുകളേന്ദി എന്നിവര്‍ പറഞ്ഞു. കര്‍ഷകര്‍ നെല്ല് സംഭരണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ കാരുണ്യത്തിലാണെന്നും നൂറിലധികം ഉദ്യോഗസ്ഥരുടെ അഴിമതി പരിശോധനയില്‍ തിരിച്ചറിഞ്ഞതായും കോടതിയെ അറിയിച്ച സന്ദര്‍ഭത്തിലായിരുന്നു ഇത്.
സര്‍ക്കാര്‍ നെല്ല് സംഭരണ കേന്ദ്രങ്ങളിലെ അഴിമതി ഉയര്‍ത്തിക്കാട്ടുന്ന ആക്ടിവിസ്റ്റും അഭിഭാഷകനുമായ എ.പി സൂര്യപ്രകാശത്തിന്റെ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. സംഭരണ കേന്ദ്രങ്ങളില്‍ ക്രമക്കേടുകളൊന്നും നടക്കുന്നില്ലെന്നായിരുന്നു തുടക്കത്തില്‍ സര്‍ക്കാര്‍ വാദിച്ചിരുന്നത്.