തട്ടിപ്പ് കേസ്; ചോക്സിയുടെ കൈമാറ്റത്തിന് ശ്രമം തുടങ്ങി ഇന്ത്യ
text_fieldsമെഹുൽ ചോക്സി
ന്യൂഡൽഹി: തട്ടിപ്പ് കേസിനെ തുടർന്ന് ബെൽജിയത്തിലെ ആന്റ്വെർപ്പിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയെ കൈമാറുന്നതിനായി ബെൽജിയവുമായി ചർച്ച സജീവമാക്കിയതായി ഇന്ത്യ. കേന്ദ്ര സർക്കാറിന്റെ അഭ്യർഥനയെ തുടർന്നാണ് ശനിയാഴ്ച ബെൽജിയത്തിൽ ചോക്സിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിൽ വിചാരണ നേരിടുന്നതിന് ചോക്സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ബെൽജിയവുമായി നീക്കങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചോസ്കിയെ കൈമാറുന്നത് സംബന്ധിച്ച് ബെൽജിയൻ നിയമ മന്ത്രി ആനെലീസ് വെർലിൻഡന്റെ മുമ്പാകെ ഹാജരാക്കും. ഇന്ത്യയുടെ കൈമാറ്റ അഭ്യർഥനയും ചോക്സിയുടെ കുറ്റങ്ങളും അവർ വിലയിരുത്തും.
അഭ്യർഥനയിൽ കഴമ്പുണ്ടെന്ന് വെർലിൻഡന് ബോധ്യപ്പെടുകയും രാജ്യാന്തര കുറ്റകൃത്യങ്ങളുടെ മാനദണ്ഡം പാലിക്കുകയുംചെയ്താൽ അദ്ദേഹത്തിന്റെ അറസ്റ്റ് നിയമപരമായി അംഗീകരിക്കും. തുടർന്ന് ഔപചാരിക കൈമാറൽ നടപടികൾക്കായി വിഷയം കോടതിയിലേക്ക് മാറ്റും. 2024 ആഗസ്റ്റ് 27നാണ് ചോക്സിയെ പിടികൂടി കൈമാറണമെന്ന് സി.ബി.ഐ ബെൽജിയൻ സർക്കാറിനോട് അഭ്യർഥിച്ചത്. നവംബർ 25 ന് ബെൽജിയൻ പ്രോസിക്യൂട്ടർമാർ ചോക്സിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. 13,500 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ചോക്സിയെ വർഷങ്ങളായി തിരയുകയായിരുന്നു.
അറസ്റ്റ് വാറന്റിനെ തുടർന്നായിരുന്നു ബെൽജിയം പൊലീസിന്റെ ഇടപെടൽ. ചോക്സിക്കും മരുമകനായ നീരവ് മോദിക്കുമെതിരെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ മുംബൈ ബ്രാഡി ശാഖയിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിയും സി.ബി.ഐയും 2018ൽ ആണ് കേസെടുത്തത്. അതേസമയം, അർബുദബാധിതനായാതിനാൽ യാത്രക്കടക്കം ബുദ്ധിമുട്ടുള്ളതിനാൽ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ് ചോക്സിയുടെ അഭിഭാഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

