എയർ ഇന്ത്യയിൽ അച്ചടക്കമില്ലാത്ത യാത്രക്കാർക്ക് വിലങ്ങ്
text_fieldsന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരായ സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ. വിമാനത്തിൽ അച്ചടക്കമില്ലാതെ പെരുമാറുന്നവർക്ക് പളാസിക് കൊണ്ടുള്ള വിലങ്ങ് അണിയിക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ രാജ്യാന്തര വിമാന സർവീസുകളിലാണ് അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് കയ്യാമം വെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അടുത്തിടയായി വിമാനയാത്രികരായ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആഭ്യന്തരസർവീസുകളിലും ഇൗ നിർദേശം നടപ്പാക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ.
‘‘രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളിൽ യാത്രക്കിടെ മോശമായി പെരുമാറുന്നവരെ വിലങ്ങ് വെക്കുമെന്നും എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും രണ്ടു ജോഡി പളാസ്റ്റിക് കയ്യാമങ്ങൾ സൂക്ഷിക്കുമെന്നും എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി അറിയിച്ചു. എയർ ഇന്ത്യക്ക് യാത്രക്കാരുടെ സുരക്ഷയാണ് സർവ്വപ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 2 ന് മസ്കത്ത് –ഡൽഹി വിമാനത്തിൽ വെച്ച് എയർഹോസ്റ്റസിനെതിരെയും ഡിസംബർ 21 ന് മുംബൈ–ന്യൂയോർക്ക് വിമാനത്തിൽ യാത്രക്കാരിക്കു നേരെയും ലൈംഗിക അതിക്രമങ്ങൾ നടന്നിരുന്നു.
