ബംഗളൂരു: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) നിർമിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടർ (എൽ.യു.എച്ച്) ലഡാക്കിലെ ഉയർന്ന മേഖലയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഹിമാലയത്തിലെ ഉയർന്ന മേഖലയിലെ പ്രതികൂല കാലാവസ്ഥയിൽ പറക്കുന്നതിനുള്ള സാങ്കേതിക മികവുള്ള ഹെലികോപ്ടർ പത്തു ദിവസമാണ് പരീക്ഷണ പറക്കൽ നടത്തിയത്. സമുദ്ര നിരപ്പിൽനിന്നും 3300 മീറ്റർ ഉയരത്തിലുള്ള ലഡാക്കിൽ 320 സെൽഷ്യസ് താപനിലയിൽ ഉൾപ്പെടെ എൽ.യു.എച്ച് പറത്താനായെന്ന് എച്ച്.എ.എൽ അറിയിച്ചു.
അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെ നടത്തിയ പരീക്ഷണ പറക്കലിന് അതി പ്രാധാന്യമുള്ളതായാണ് സൈനികവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ സൈനികാവശ്യത്തിനുള്ള എൽ.യു.എച്ച് പ്രാഥമിക പ്രവർത്തനാനുമതിക്ക് സജ്ജമായെന്നും ഹെലികോപ്ടറിെൻറ പ്രവർത്തനം തൃപ്തികരമാണെന്നും എച്ച്.എ.എൽ എം.ഡി ആർ. മാധവൻ അറിയിച്ചു.
എച്ച്.എ.എൽ പൈലറ്റുമാരായ റിട്ട വിംഗ് കമാഡർമാരായ ഉണ്ണി പിള്ള, അനിൽ ബംബാനി, ഗ്രൂപ് ക്യാപ്റ്റൻമാരായ പൂപിന്തർ സിങ്ങ് (റിട്ട), കാപ്റ്റർ പൻവാർ , ആർ. ദുബെ, സ്ക്വാഡ് ലീഡർ ജോഷി, എയർഫോഴ്സിൽനിന്ന് ലഫ്റ്റനന്‍റ് കേണൽ ആർ. ഗ്രീവാൾ, ആർമിയിൽനിന്ന് ലഫ്റ്റനന്‍റ് കേണൽ പവൻ എന്നിവർ പങ്കെടുത്തു.