തമിഴ്‌നാട് മന്ത്രിസഭയിൽ പകുതി പേരും ക്രിമിനൽ കേസ് പ്രതികൾ; 20 ശതമാനം പേർ ശതകോടീശ്വരന്മാരെന്ന് എ.ഡി.ആർ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പുതുതായി അധികാരമേറ്റ തമിഴ്‌നാട് മന്ത്രിസഭയിലെ പകുതി അംഗങ്ങളും ക്രിമിനൽ കേസ് പ്രതികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മന്ത്രിസഭയിലെ പത്ത് അംഗങ്ങളിൽ അഞ്ച് പേരും (50 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയവരാണ്. ഇതിൽ മൂന്ന് പേർക്കെതിരെ ഗുരുതര സ്വഭാവമുള്ള കേസുകളാണുള്ളത്.
മന്ത്രിസഭയിലെ 20 ശതമാനം പേർ 100 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് മന്ത്രിസഭയിലെ ഏറ്റവും സമ്പന്നൻ. 648.85 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. മന്ത്രിസഭയുടെ ആകെ ശരാശരി ആസ്തി 126.50 കോടി രൂപയാണ്. ശിവകാശി മണ്ഡലത്തിൽ നിന്നുള്ള മന്ത്രി എസ്. കീർത്തന ആണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള അംഗം (22.57 ലക്ഷം രൂപ). മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യവും കീർത്തനയാണ്. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ ഏഴ് മന്ത്രിമാർ ബിരുദമോ അതിന് മുകളിലോ യോഗ്യതയുള്ളവരാണ്. മൂന്ന് പേർ എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസമുള്ളവരാണ്.
നിയമസഭയിലേക്ക് വിജയിച്ച 233 സ്ഥാനാർത്ഥികളുടെ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ 126 പേർ (54 ശതമാനം) ക്രിമിനൽ കേസ് പ്രതികളാണെന്നും ഇതിൽ 56 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നും എ.ഡി.ആർ നേരത്തെ വ്യക്തമാക്കിയിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ 60 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ടായിരുന്നതായും 83 ശതമാനം എം.എൽ.എമാരും കോടീശ്വരന്മാരായിരുന്നുവെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. ഭരണകൂടത്തിന്റെ സുതാര്യതയും ജനപ്രതിനിധികളുടെ പശ്ചാത്തലവും വിലയിരുത്തുന്നതാണ് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ എ.ഡി.ആറിന്റെ പുതിയ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

