ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; ഹൽദിറാമിനെതിരെ കേസ്
text_fieldsഹൈദരാബാദ്: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റുവെന്ന പരാതിയിൽ പ്രമുഖ മധുരപലഹാര ബ്രാന്‍ഡായ ഹല്‍ദിറാമിനെതിരെ കേസ്. ഹൈദരാബാദിലെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശരിയായ ലേബലിങ് ഇല്ലാതെയാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനക്ക് വെച്ചതെന്നും ഉപയോക്താക്കള്‍ ആരോപിച്ചു.
മധുരപലഹാരങ്ങളിലും പാക്ക് ചെയ്ത ഭക്ഷണങ്ങളിലും നിർമാണ തിയതിയോ കാലാവധിയുടെ വിശദാംശങ്ങളോ കാണാതയതിനെ തുടർന്ന് ഉപഭോക്താക്കൾ സ്റ്റോർ മാനേജ്മെന്റിനോട് പരാതിപ്പെടുകയും ഇത് തർക്കത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ഉപയോക്താക്കൾ വിഷയം അധികൃതരെ അറിയിക്കുകയായിരുന്നു. ഹല്‍ദിറാമിന്റെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിൽ വിൽപ്പനക്ക് വെച്ച പാക്കറ്റുകളില്‍ കാലാവധി സംബന്ധിച്ച വിശദാംശങ്ങളോ കൃത്യമായ ലേബലുകളോ ഇല്ലെന്നാണ് ഉപഭോക്താക്കൾ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെ ലഘുഭക്ഷണ വിപണിയിൽ ഏകദേശം 13 ശതമാനം വിഹിതം ഹൽദിറാമിനാണ്. 1937ൽ രാജസ്ഥാനിലെ ബിക്കാനീറിൽ ഗംഗ ബിഷൻ അഗർവാൾ (ഹൽദിറാം എന്നറിയപ്പെടുന്നു) സ്ഥാപിച്ച ഒരു ചെറിയ കടയിൽ നിന്നാണ് ഇവരുടെ തുടക്കം. മിക്സ്ചറുകൾ, ഭുജിയ, ചിപ്സ് തുടങ്ങിയവയും ഗുലാബ് ജാമുൻ, സോൻ പപ്പടി പോലുള്ള മധുരപലഹാരങ്ങളും ഇവർ വിൽക്കുന്നുണ്ട്. വിപണിക്ക് പുറമേ 80ലധികം രാജ്യങ്ങളിലേക്ക് ഹൽദിറാം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

