സംഘ്പരിവാർ തട്ടിപ്പ് സംഘത്തിലെ പ്രതി ഹാലശ്രീ സ്വാമി ഒഡീഷയിൽ അറസ്റ്റിൽ
text_fieldsമംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലം വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് കോടികൾ കോഴ വാങ്ങി വഞ്ചിച്ചെന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. കർണാടക ഹൊസ്പേട്ട ജില്ലയിൽ ഹിറേഹഡഗളി ലിംഗായത്ത് മഠത്തിലെ സ്വാമി അഭിനവ ഹാലശ്രീ ഒഡീഷയിൽനിന്നാണ് പിടിയിലായത്. മുഖ്യപ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയും ഏതാനും കൂട്ടാളികളും കേസിൽ അറസ്റ്റിലായത് മുതൽ ഹാലശ്രീയും ഒളിവിലായിരുന്നു.
ഒഡീഷ്യ പൊലീസ് സഹായത്തോടെ ബംഗളൂരു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ രാത്രിയോടെ ബംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യും. ശനിയാഴ്ച സ്വാമി സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിൽ കോടതി വിധി വരും മുമ്പാണ് ട്രെയിൻ യാത്രക്കിടെ ഒഡീഷയിലെ കട്ടക്കിൽനിന്ന് പിടിയിലായത്. അഭിനവ ഹാലശ്രീ സ്വാമി അകത്താവുന്നതോടെ സീറ്റിന് കോഴ കേസിനു പിന്നിലെ വൻതോക്കുകളുടെ വിവരങ്ങൾ പുറത്തു വരും എന്നാണ് മുഖ്യ പ്രതി ചൈത്ര കുന്താപുര പറയുന്നത്. ബംഗളൂരുവിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് ഡിവിഷനൽ ഓഫിസിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോട് പറഞ്ഞ ഇക്കാര്യം തിങ്കളാഴ്ച ആശുപത്രി വീട്ടപ്പോഴും അവർ ആവർത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഉഡുപ്പി കൃഷ്ണ മഠം പരിസരത്ത് നിന്ന് അറസ്റ്റിലായ ചൈത്ര വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്യലിനിടെ ബോധം കെട്ട് വീണതിനെത്തുടർന്ന് ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു ബോധരഹിതയായി വീണത്. വെള്ളിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഡിവിഷനൽ ഓഫിസിൽ അസി. പൊലീസ് കമീഷണർ റീന സുവർണ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ കുഴഞ്ഞുവീഴുകയായിരുന്നു.
എന്നാൽ നാല് ദിവസത്തെ ചികിത്സയിൽ പ്രതിക്ക് അപസ്മാരമോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ കണ്ടെത്താനായില്ല. എല്ലാം ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാകാൻ നടത്തിയ നാടകം ആയിരുന്നു എന്നാണ് പൊലീസ് നിഗമനം. ചോദ്യം ചെയ്യൽ തുടരുമെന്ന് അസി. പൊലീസ് കമീഷണർ പറഞ്ഞു. പത്ത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ചൈത്ര. ബൈന്തൂരിലെ വ്യവസായി ഗോവിന്ദ ബാബു പൂജാരി നൽകിയ പരാതിയിലാണ് ചൈത്രയേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.