പുതിയ കരാറുകളില്ല: എച്ച്.എ.എല്ലിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക
text_fieldsബംഗളൂരു: പുതുതായി വിമാന നിർമാണ കരാറുകൾ ലഭിക്കാത്തത് പ്രതിരോധ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിെൻറ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക. റഫാൽ യുദ്ധവിമാന നിർമാണ കരാർ നഷ്ടമായതിനുപിന്നാലെ, പുതിയ കരാർ ലഭിക്കാതായതോടെ സ്ഥാപനത്തിലെ ആയിരത്തിലധികം ജീവനക്കാർ വെറുതെയിരിക്കേണ്ട അവസ്ഥയിലാണ്. ഇന്ത്യൻ വ്യോമസേനക്കായി യുദ്ധവിമാനം നിർമിക്കാനുള്ള കരാർ ലഭിച്ചിട്ടില്ലെങ്കിൽ 2020നുശേഷം ദശാബ്ദങ്ങളായി ഇന്ത്യയുടെ സൈനിക ശക്തിയുടെ നട്ടെല്ലായ എച്ച്.എ.എല്ലിെൻറ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. 1990നുശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധിയെ എച്ച്.എ.എൽ അഭിമുഖീകരിക്കുന്നത്. ഒാഡറുകൾ കുറയുകയെന്നാൽ എച്ച്.എ.എല്ലിെൻറ ഫാക്ടറികളിലെ 25ശതമാനം ജീവനക്കാർക്കും ജോലിയുണ്ടാകാത്ത സാഹചര്യമാണ് ഉണ്ടാകുക.
3000ത്തോളം ജീവനക്കാരുള്ള എച്ച്.എ.എല്ലിെൻറ ബംഗളൂരു യൂനിറ്റിൽ പുതുതായി ഒരു ഒാഡറും ലഭിച്ചിട്ടില്ല. ജാഗ്വാർ, മിറാഷ് എന്നിവയുടെ നിലവാരമുയർത്തുന്ന പ്രവൃത്തി പൂർത്തിയായി. അതിനാൽതന്നെ, ഈ ജീവനക്കാരെ ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് ആയ തേജസിെൻറ നിർമാണത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, 83 തേജസ് യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള പുതിയ കരാർ ലഭിച്ചാലെ ബംഗളൂരുവിലെ ജീവനക്കാരെ ഉപയോഗിക്കാനാകൂ. റഫാൽ കരാർ പ്രകാരം 108 യുദ്ധവിമാനം നിർമിക്കാൻ കഴിയുെമന്നാണ് എച്ച്.എ.എൽ പ്രതീക്ഷിച്ചിരുന്നത്. അതിനുള്ള ഒരുക്കവും നടന്നിരുന്നു. എന്നാൽ, 36 വിമാനമായി കരാർ ചുരുക്കി എന്നുമാത്രമല്ല, നിർമാണ കരാർ പുറത്തേക്ക് നൽകുകയും ചെയ്തു. 83 ലൈറ്റ് കോംപാക്ട് തേജസ്സ് എയർക്രാഫ്റ്റ് നിർമിക്കുന്നതിനുള്ള കരാറിൽ ഇപ്പോഴും അധികൃതർ തീരുമാനമെടുത്തിട്ടില്ല.
5,000 ജീവനക്കാരുള്ള നാസിക്കിലെ എച്ച്.എ.എല്ലിെൻറ സുഖോയ് നിർമാണ യൂനിറ്റിലും പ്രതിസന്ധി നേരിടുന്നുണ്ട്. അടുത്ത 17മാസത്തിനുള്ളിൽ ശേഷിക്കുന്ന 23 സുഖോയ് (എസ്.യു-30 എം.കെ.ഐ)വിമാനങ്ങളും കൈമാറുന്നതോടെ നാസിക്കിലെ പ്ലാൻറിെൻറ പ്രവർത്തനവും പ്രതിസന്ധിയിലാകും. സുഖോയിയുടെ ഇലക്ട്രോണിക്സ് ഘടകങ്ങളും കമ്പ്യൂട്ടർ സംവിധാനവും നിർമിക്കുന്ന 250 ജീവനക്കാരുള്ള കാസർകോട് സിങ്കോളിയിലുള്ള എച്ച്.എ.എൽ പ്ലാൻറ്, ഉത്തർപ്രദേശിലെ രണ്ട് പ്ലാൻറ്, ഹൈദരാബാദിലെ പ്ലാൻറ് എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കും. മാർച്ച് 2018ലെ കണക്കുപ്രകാരം 18,284 കോടിയുടെ വരുമാനമാണ് എച്ച്.എ.എൽ നേടിയത്. തൊട്ടുമുമ്പുള്ള വർഷത്തെ വരുമാനത്തിൽനിന്നും നേരിയ വർധന മാത്രമാണ് ഇത്തവണയുണ്ടായത്. 17,604 കോടിയാണ് മുൻവർഷത്തെ വരുമാനം.
യുദ്ധവിമാന കരാറുകൾ കുറഞ്ഞതോടെ ഹെലികോപ്ടർ നിർമാണമാണ് ഇപ്പോൾ എച്ച്.എ.എല്ലിനെ പിടിച്ചുനിർത്തുന്നത്. 73 അത്യാധുനിക ചെറു ഹെലികോപ്ടറുകൾ നിർമിക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതോടൊപ്പം ലൈറ്റ് കോംപാക്ട് ഹെലികോപ്ടറുകളുടെ നിർമാണകരാറും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുമായി ചേർന്നുള്ള കാമോവ് ഹെലികോപ്ടറുകൾ നിർമിക്കാനുള്ള കരാറും എച്ച്.എ.എല്ലിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
