ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് എച്ച്.എ.എൽ ജീവനക്കാരൻ അറസ്റ്റിൽ. യുദ്ധവിമാനത്തെ സംബന്ധിക്കുന്ന രഹസ്യങ്ങളാണ് ഇയാൾ കൈമാറിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറിയിച്ചു. 41കാരനായ ദീപക് ശ്രീവാസ്തവയെ എ.ടി.എസിെൻറ നാസിക് യൂനിറ്റാണ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ ഏജൻസിയുടെ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന.
ഇന്ത്യൻ യുദ്ധവിമാനങ്ങളെ കുറിച്ചും അവയുടെ നിർമാണ യൂനിറ്റിനെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ഇയാൾ കൈമാറിയതെന്നാണ് റിപ്പോർട്ട്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐക്കാണ് വിവരങ്ങൾ കൈമാറിയതെന്ന് വ്യക്തമായതായി അന്വേഷണ ഏജൻസി അറിയിച്ചു.
1923ലെ ഒഫീഷ്യൽ സീക്രട്ട് ആക്ടിലെ മൂന്ന്, നാല്, അഞ്ച് സെക്ഷനുകൾ പ്രകാരം ഇയാൾക്കെതിരെ കേസടുക്കും. മൂന്ന് മൊബൈൽ ഫോണുകളും അഞ്ച് സിം കാർഡുകളും രണ്ട് മെമ്മറി കാർഡുകളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനക്ക് അയക്കും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 10 ദിവസം എ.ടി.എസ് കസ്റ്റഡിയിൽ വിട്ടു.