ഡോക്ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി പരാതി
text_fieldsബംഗളൂരു: തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി ഡോക്ടറുടെ പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും പീഡിയാട്രീഷ്യനുമായ ഡോ. ശാന്തനു ആർ. പ്രഭുവാണ് പൊലീസിൽ പരാതി നൽകിയത്.
പ്രസ്തുത ട്വീറ്റ് സമൂഹത്തിൽ തന്റെ ഇമേജിനെ താറടിച്ചതായും അക്കൗണ്ട് ഹാക്ക് ചെയ്തവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥിനികളും സ്ത്രീകളും ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്നായിരുന്നു ട്വീറ്റ്. ഇത് താലിബാനോ സൗദി അറേബ്യയോ മദ്റസയോ അല്ലെന്നും ശിരോവസ്ത്രം അനാവശ്യമാണെന്നും ശിരോവസ്ത്രം ധരിക്കണമെങ്കിൽ മദ്റസയിൽ പോകൂ എന്നും ട്വീറ്റിൽ പറഞ്ഞു.
ഡോക്ടർ ഒരു കുഞ്ഞിനെ കൈയിലേന്തിയ ഫോട്ടോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി തനിക്കെതിരെയും താൻ ജോലിചെയ്യുന്ന ആശുപത്രിക്കെതിരെയും ചിലർ കുപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.

