രാജസ്ഥാൻ പൊലീസിൽ വൻ ഡാറ്റാ ചോർച്ചയെന്ന് ഹാക്കർമാരുടെ അവകാശവാദം; സുരക്ഷാ സംവിധാനങ്ങൾ കനത്ത ജാഗ്രതയിൽ
text_fieldsജയ്പൂർ: രാജസ്ഥാൻ പൊലീസിന്റെയും സർക്കാരിന്റെയും സുപ്രധാന വിവരങ്ങൾ ചോർന്നുവെന്ന സൈബർ ഹാക്കർ സംഘത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സംസ്ഥാനത്ത് വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. സ്കാർലറ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൈബർ ആക്രമണ സംഘമാണ് 86.3 ലക്ഷം ഇമെയിലുകളും, പൊലീസ് രേഖകളും, ഔദ്യോഗിക ലോഗിൻ വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാജസ്ഥാൻ പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണകാരികൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 5,926 മെയിൽബോക്സുകളും, 8.63 ലക്ഷം ഇമെയിലുകളും, 7.83 ലക്ഷത്തിലധികം വരുന്ന തനത് ഇമെയിൽ വിലാസങ്ങളും, 70,301 തിരിച്ചറിയൽ രേഖകളും, 59,460 മൊബൈൽ നമ്പറുകളുമാണ് ചോർന്നിരിക്കുന്നത്. ഇതിനുപുറമെ സംസ്ഥാനത്തെ വിവര സാങ്കേതിക വിദ്യ-കമ്മ്യൂണിക്കേഷൻ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഇവർ വില്പനക്ക് വെച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഇതിൽ രാജസ്ഥാൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ 1,065 മെയിൽബോക്സുകൾ, 69 ലോഗിൻ ക്രെഡൻഷ്യലുകൾ, 21 വി.പി.എൻ ലോഗിനുകൾ, 64 വി.പി.എൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും സംഘം പറയുന്നു.
എഫ്.ഐ.ആറുകളുടെയും കോൾ ഡീറ്റെയിൽ റെക്കോർഡുകളുടെയും പകർപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എങ്കിലും ഈ ഡാറ്റ ചോർച്ചയുടെ വ്യാപ്തിയോ കൃത്യതയോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പൊലീസ് രേഖകളും കോൾ വിവരങ്ങളും ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്ന് രാജസ്ഥാനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ഇമെയിൽ പാസ്‌വേഡുകൾ ഉടൻ മാറ്റാനും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും അപ്‌ഡേറ്റ് ചെയ്യാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 14-ന് തന്നെ ഇതുസംബന്ധിച്ച പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
സർക്കാർ സംവിധാനങ്ങളിൽ അനുമതിയില്ലാതെ ആരെങ്കിലും കൈ കടത്തിയിട്ടുണ്ടോ എന്നും, എഫ്.ഐ.ആർ, കോൾ റെക്കോർഡ് പകർപ്പുകൾ ചോർന്നത് എങ്ങനെയെന്നും കണ്ടെത്താനായി സൈബർ ഡി.ഐ.ജി ശാന്തനു കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടാതെ ഈ വിഷയം ഇന്ത്യയിലെ സൈബർ സുരക്ഷാ ഏജൻസിയായ 'സെർട്ട്-ഇൻ'ന്റെ ശ്രദ്ധയിലുംപെടുത്തിയിട്ടുണ്ട്.
ഈ അവകാശവാദങ്ങൾ സത്യമാണെങ്കിൽ അത് സർക്കാരിന്റെ സുരക്ഷക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഫിഷിങ് ആക്രമണങ്ങൾ നടത്താനും, സാമ്പത്തിക തട്ടിപ്പുകൾക്കും, സർക്കാർ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്താനും സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

