പുതിയ നിയമം വന്നതോടെ നിരവധി എച്ച്1 ബി വിസ അഭിമുഖങ്ങൾ റദ്ദാക്കി; ഇന്ത്യക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ
text_fieldsന്യൂഡൽഹി: അടുത്തിടെയാണ് എച്ച്1 ബി വിസക്ക് അപേക്ഷിക്കുന്നവർക്ക് ട്രംപ് ഭരണകൂടം പുതിയ നിയമം കൊണ്ടുവന്നത്. എച്ച്1ബി വിസക്ക് അപേക്ഷിക്കുന്നവർ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരം പരസ്യപ്പെടുത്തണം എന്നതായിരുന്നു പുതിയ നിയമം.
ഡിസംബർ 15മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. തുടർന്ന് വിസ അഭിമുഖങ്ങൾ വ്യാപകമായി പുനക്രമീകരിക്കാൻ കാരണമായി. അത് ഒരുപാട് അപേക്ഷകരെയാണ് ബാധിച്ചത്. നിരവധി പേരുടെ വിസ അഭിമുഖങ്ങൾ റദ്ദാക്കുകയും ചെയ്തു.
ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കോൺസുലേറ്റുകൾ 2025 ഡിസംബർ പകുതി മുതൽ അവസാനം വരെ നിശ്ചിയിച്ചിരുന്നു അഭിമുഖങ്ങൾ റദ്ദാക്കിയതായി ഇമിഗ്രേഷൻ അഭിഭാഷകർ വ്യക്തമാക്കി. ഈ സ്ലോട്ടുകളിൽ പലതും 2026 മാർച്ച് വരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ യു.എസ് എംബസി പുതിയ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
വിസ അപേക്ഷകർക്ക് വിസ നിയമനങ്ങൾ പുനക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന ഇ-മെയിൽ ലഭിച്ചിട്ടുണ്ടെങ്കിൽ പുതിയ അപ്പോയിന്റ്മെൻറ് തീയതിയിൽ മിഷൻ ഇന്ത്യ എല്ലാ സഹായങ്ങളും നൽകും എന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.
പുതിയ തൊഴിലിടത്തിലേക്ക് മാറാൻ തയാറെടുക്കുന്ന പ്രഫഷനലുകളും വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിലേക്ക് ഹ്രസ്വമായി യാത്ര ചെയ്തിരുന്ന എച്ച്1ബി വിസ ഉടമകളും ഇപ്പോൾ വിസ സ്റ്റാമ്പ് ചെയ്ത് മടങ്ങേണ്ടവരും ഇങ്ങനെ വിസ പുനക്രമീകരണം നടത്താൻ പട്ടികയിൽ പെടുത്തിയവരിൽ ഉൾപ്പെടുന്നു. വിവാഹങ്ങൾ പോലുള്ള പരിപാടികൾക്ക് എത്തിയവരും വൃദ്ധരായ മാതാപിതാക്കളെ കാണാൻ എത്തിയവരും അവരുടെ കൂട്ടത്തിലുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഡിസംബർ 15 മുതൽ എല്ലാ എച്ച്1ബി വിസ അപേക്ഷകരും അവർക്കൊപ്പമുള്ള എച്ച്4 ആശ്രിതരും നിർബന്ധിത സോഷ്യൽ മീഡിയ സ്ക്രീനിങ്ങിന് വിധേയരാകുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ സൂക്ഷ്മ പരിശോധന നടത്താൻ അപേക്ഷകരുടെ ഓൺലൈൻ പ്രൊഫൈലുകൾ പബ്ലിക് എന്നാക്കിയിട്ടുണ്ട് ഉറപ്പാക്കണം.
കാലതാമസങ്ങൾ കാരണം അത്യാവശ്യമല്ലാത്ത അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണമെന്ന് ഇമിഗ്രേഷൻ നിയമ സ്ഥാപനങ്ങൾ വിദേശ പൗരൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായത് കാരണം യു.എസിൽ താമസിക്കുന്ന നിരവധി വ്യക്തികളുടെ വിസ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

