ഗ്യാൻവാപി : ഹൈകോടതി വിധിക്കെതിരായ ഹരജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
text_fieldsന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ കണ്ടതായി പറയുന്ന ശിവലിംഗത്തിന്റെ പഴക്കം നിർണയിക്കാൻ ശാസ്ത്രീയ സർവേ നടത്തണമെന്ന അലഹബാദ് ഹൈകോടതി വിധി ചോദ്യം ചെയ്യുന്ന ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കും. ഗ്യാൻവാപി പള്ളിക്കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദിയുടെ വാദം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരുടെ ബെഞ്ച് പരിഗണിക്കുകയും കേസിൽ ഇന്ന് വാദം കേൾക്കുമെന്ന് അറിയിക്കുകയും ചെയ്തു. മേയ് 12നാണ് കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ ജില്ല കോടതിയുടെ വിധി തള്ളി ഹൈകോടതിയുടെ സർവേ ഉത്തരവുണ്ടായത്. ഹൈകോടതി ഉത്തരവിനുശേഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഗ്യാൻവാപി പള്ളിയാകെ സർവേ നടത്തണമെന്ന ആവശ്യത്തിൽ വാദം കേൾക്കാൻ വാരാണസി കോടതി സമ്മതിച്ചിരുന്നു. ഹിന്ദു വിഭാഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന്, വിഷയത്തിൽ പള്ളിക്കമ്മിറ്റി അവരുടെ മറുപടി മേയ് 19നകം സമർപ്പിക്കാനും ജില്ല കോടതി ജഡ്ജി എ.കെ. വിശ്വേശ് നിർദേശിക്കുകയുണ്ടായി.