ഗ്യാൻവാപി സർവേ: എ.എസ്.ഐക്ക് വീണ്ടും സമയം നീട്ടി നൽകി
text_fieldsവാരാണസി: ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) നവംബർ 17 വരെ സമയം അനുവദിച്ച് വാരാണസി കോടതി. എ.എസ്.ഐ സമയം നീട്ടിച്ചോദിച്ചത് ജില്ല ജഡ്ജി എ.കെ. വിശ്വേശ് അംഗീകരിക്കുകയായിരുന്നു.
സർവേ പൂർത്തിയാക്കിയെങ്കിലും ഇതിനായി ഉപയോഗിച്ച ഉപകരണങ്ങളുടെ വിവരം ചേർക്കാനും റിപ്പോർട്ട് ക്രോഡീകരിക്കാനും സമയം വേണമെന്നാണ് എ.എസ്.ഐ അഭ്യർഥിച്ചത്. ഒക്ടോബർ അഞ്ചിന് എ.എസ്.ഐക്ക് നാലാഴ്ച സമയം നീട്ടിക്കൊടുക്കവെ, ഇനിയൊരു നീട്ടലുണ്ടാകില്ലെന്ന് കോടതി പറഞ്ഞിരുന്നു.
പള്ളിയുടെ താഴെ നിലയുടെ താക്കോൽ വാരാണസി ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്ന ആവശ്യത്തിലുള്ള ഹരജിയോടുള്ള എതിർപ്പ് പള്ളി കമ്മിറ്റി നവംബർ ആറിനകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഈ കേസിൽ നവംബർ എട്ടിനാണ് അടുത്ത വാദം കേൾക്കൽ. ‘വ്യാസ് ജി ക തേഹ്ഖാന’ എന്നറിയപ്പെടുന്ന പള്ളിയുടെ അടിഭാഗം 1993 മുതൽ അധികൃതർ പൂട്ടി ബാരിക്കേഡ് കെട്ടിയതായാണ് ഹരജിക്കാരനായ മദൻ മോഹൻ യാദവിന്റെ വാദം. 93നുമുമ്പ് ഇവിടം പൂജക്കായി ഉപയോഗിച്ചിരുന്നെന്നും ഹരജിയിൽ പറയുന്നു.

