ഗ്യാൻവാപി: പുരാവസ്തു സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ
text_fieldsവാരണാസി: ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു സർവേക്ക് അനുമതി നൽകിയ അലഹബാദ് ഹൈകോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ. സർവേ തടയണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹരജി നൽകിയത്.
നേരത്തെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളിയത്.
സർവേ കൊണ്ട് വാരാണസി ഗ്യാൻവാപി പള്ളിക്ക് കേടുപാടുകൾ സംഭവിക്കില്ലെന്ന പുരാവസ്തു വകുപ്പിന്റെ അവകാശ വാദം മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഫ്.എസ്.എ. നഖ്വി അലഹബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു. സർവേ അനുവദിക്കരുതെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ മൂന്ന് ദിവസത്തെ വാദം പൂർത്തിയാക്കിയയാണ് ഹൈകോടതിയുടെ വിധി പുറത്ത് വന്നത്.

