ഗ്യാൻവാപി: സർവേ റിപ്പോർട്ടിന് 15 ദിവസംകൂടി വേണമെന്ന് എ.എസ്.ഐ
text_fieldsവാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നടത്തിയ ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസംകൂടി അനുവദിക്കണമെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) അപേക്ഷയിൽ വാരാണസി ജില്ല കോടതി ശനിയാഴ്ച വാദം കേൾക്കും. വാരാണസി കാശിവിശ്വനാഥ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള 17ാം നൂറ്റാണ്ടിൽ നിർമിച്ച ഗ്യാൻവാപി മസ്ജിദ് അതിന് മുമ്പ് നിലനിന്നിരുന്ന ക്ഷേത്രത്തിന് മുകളിലാണോ പണിതതെന്ന് കണ്ടെത്താനാണ് എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തിയത്.
സർവേ പൂർത്തിയായതായും എന്നാൽ, റിപ്പോർട്ട് സമാഹരിക്കാനും സർവേക്ക് ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദാംശം നൽകാനും കുറച്ചുകൂടി സമയമെടുക്കുമെന്നും എ.എസ്.ഐ നവംബർ രണ്ടിന് കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് റിപ്പോർട്ട് നൽകാൻ നവംബർ 17 വരെയാണ് കോടതി അനുവദിച്ചത്. എന്നാൽ, സാങ്കേതിക റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് 15 ദിവസം കൂടി നൽകണമെന്ന് അഭ്യർഥിച്ച് എ.എസ്.ഐ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
സർവേ പൂർത്തിയാക്കാൻ ഒക്ടോബർ അഞ്ചിന് എ.എസ്.ഐക്ക് നാലാഴ്ചകൂടി അനുവദിച്ച കോടതി ഇനി സമയം നീട്ടിനൽകില്ലെന്നും വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ സർവേ നടത്തണമെന്ന ജില്ല കോടതി വിധി അലഹബാദ് ഹൈകോടതിയും ശരിവെച്ചിരുന്നു. മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.

