ഗ്യാനേഷ് കുമാറിന്‍റെ മോക് ഇംപീച്ച്‍മെന്‍റ്; സർക്കാർ അനുമതി നിഷേധിച്ചെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പരസ്യമായി ഇംപീച്ച് ചെയ്യാനുള്ള ഇൻഡ്യാ സഖ്യ നീക്കത്തിന് തടയിട്ട് ഡൽഹി പൊലീസ്. രണ്ട് വേദികൾക്ക് ശ്രമം നടത്തിയെങ്കിലും രണ്ടിടങ്ങളിലും അനുമതി നിഷേധിച്ചെന്ന് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
21 കക്ഷികളുടെ സഖ്യം ഒക്‌ടോബർ 30 ന് നടത്താൻ നിശ്ചയിച്ച പരിപാടിക്ക് ആദ്യം സർക്കാർ ഉടമസ്ഥതയിലുള്ള അശോക ഹോട്ടലിലാണ് വേദിക്ക് ശ്രമിച്ചതെങ്കിലും വിജയിച്ചില്ല. രാംലീല മൈതാനിയിൽ നടത്താനുള്ള നീക്കത്തിന് അനുമതി ലഭിച്ചിരുന്നു. പ്രവർത്തകർ അവിടെ ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് പൊലീസ് തടഞ്ഞതെന്ന് വേണുഗോപാൽ അറിയിച്ചു.
പരിപാടിയിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് പ്രഖ്യാപിച്ച വേണുഗോപാൽ, രാംലീല മൈതാനിയിൽ പ്രതിഷേധ പരിപാടി തടഞ്ഞാൽ ആഭ്യന്തരമന്ത്രി അമിത്‍ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വസതിയിൽ പോയി ധർണ നടത്തുമെന്ന് വ്യക്തമാക്കി. എത്ര തവണ അനുമതി നിഷേധിക്കുമെന്നും എത്രപേരെ തടയുമെന്നും അദ്ദേഹം അമിത്‍ഷായോട് ചോദിച്ചു. തെരഞ്ഞെടുപ്പ് സംവിധാനം അപ്പാടെ താറുമാറാക്കി തകർത്തവർ ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്നവരെ നിശ്ശബ്‍ദരാക്കാൻ ഇപ്പോൾ സകല തന്ത്രങ്ങളും പ്രയോഗിച്ചു നോക്കുകയാണ്. എന്തുവന്നാലും പിന്നോട്ടില്ലെന്നും ലക്ഷ്യം കൈവരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രാംലീലാ മൈതാനം ഒക്‌ടോബർ 25 മുതൽ നവംബർ മൂന്നു വരെ ഇൻഡ്യ സഖ്യം അനുമതി വാങ്ങി ബുക്ക് ചെയ്തിരുന്നതാണെന്നും അതുകൊണ്ട് ഒക്‌ടോബർ 30 ലെ പരിപാടി അവിടെ നടത്തുന്നതിന് അനുമതി നിഷേധിക്കാൻ യാതൊരു കാരണവുമില്ലെന്നും മറ്റൊരു നേതാവ് പറഞ്ഞു.

