കള്ളം പൊളിയുന്നു; ഗ്യാനേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കി സുപ്രീംകോടതിയും
text_fieldsമുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ ആസ്ഥാനത്ത് നടന്ന പ്രതീകാത്മക പ്രതിഷേധത്തിൽ ‘മൃതശരീരങ്ങളെ’ പ്രതിനിധാനംചെയ്ത് വെള്ളത്തുണിയിൽ കിടക്കുന്ന പ്രവർത്തകർ
ന്യൂഡൽഹി: സുപ്രീംകോടതി അനുമതിയോടെയാണ് എസ്.ഐ.ആറിൽ പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം സിക്സിനൊപ്പം പുതിയ ചോദ്യങ്ങൾ കൂട്ടിച്ചേർത്തതെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വാദം പൊളിഞ്ഞു. ഫോം സിക്സുമായി ബന്ധപ്പെട്ട് അധിക ചോദ്യം ഉൾപ്പെടുത്താൻ യാതൊരു അനുമതിയും കമീഷന് നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ കൂടുതൽ പ്രതിരോധത്തിലായി.
എസ്.ഐ.ആറിന്റെ ഭാഗമായി അപേക്ഷകരുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ മുമ്പ് നടന്ന എസ്.ഐ.ആറിന് ശേഷമുള്ള വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം കൂട്ടിച്ചേർത്തത് സുപ്രീംകോടതി അനുമതിയോടെ ആയിരുന്നു എന്നായിരുന്നു സെപ്റ്റംബർ 29ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ഫോം സിക്സ് ഭേദഗതി വരുത്തിയത് അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള സഹ കമീഷണർമാരുടെ 14 വിയോജന കുറിപ്പുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കമീഷൻ പ്രസ്താവനയിറക്കിയത്.
രണ്ട് കമീഷണർമാരെ മറികടന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിനിടെ, മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഒരുകാര്യം വ്യക്തമായി പറയാം, കോടതി ഇക്കാര്യത്തിൽ യാതൊരു അനുമതിയും നൽകിയിട്ടില്ല’ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
1960ലെ വോട്ടർ രജിസ്ട്രേഷൻ റൂൾസിലെ ഷെഡ്യൂൾ പ്രകാരമുള്ള നിയമപരമായ അപേക്ഷാഫോമാണ് ഫോം സിക്സ് എന്നതിനാൽ തന്നെ, അതിൽ ഭേദഗതികൾ വരുത്താൻ നിയമനിർമാണ പ്രക്രിയയിലൂടെ മാത്രമേ സാധിക്കൂ. എസ്.ഐ.ആറിന്റെ മറവിൽ ഫോം സിക്സിന്റെ ഭാഗമായി അധിക ചോദ്യം ഉൾപ്പെടുത്തിയത് സംബന്ധിച്ച വിവാദത്തിൽ സുപ്രീംകോടതിയെ പഴിചാരി രക്ഷപ്പെടാനുള്ള നീക്കം പൊളിഞ്ഞതോടെ, ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ആരോപണം കടുപ്പിച്ചു.
ഗ്യാനേഷ് കുമാർ നിയമവിരുദ്ധമായും ഏകപക്ഷീയമായും ഫോം സിക്സിൽ തിരുത്തൽ വരുത്തിയെന്നത് സംശയമില്ലാത്തവിധം തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പിയെ സഹായിക്കാൻ അദ്ദേഹം തന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ മറ്റൊരു തെളിവ് കൂടിയാണിത്. ജനാധിപത്യത്തിനുമേൽ നടന്ന ഈ അക്രമത്തിൽ പങ്കാളികളായ എല്ലാവരും മറുപടി പറയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്താകെ വോട്ട് മോഷണം നടത്തി ഗ്യാനേഷ് കുമാർ പിടിക്കപ്പെട്ടപ്പോൾ സുപ്രീംകോടതിയെ മറയാക്കി കള്ളം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

