മുംബൈ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടി
text_fieldsഗുരുഗ്രാം: പൊലീസുദ്യോഗസ്ഥനെന്ന പേരിൽ ഫോൺ ചെയ്ത് യുവതിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയതായി പരാതി. കൊറിയർ കമ്പനി എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചയാൾ യുവതിയുടെ കൊറിയർ നാർകോട്ടിക്സ് വിഭാഗം തിരിച്ചയച്ചുവെന്ന് ആരോപിച്ചാണ് പണം ആവശ്യപ്പെട്ടത്. പ്രാചി ദോകെ എന്ന യുവതിയുടെ പണമാണ് നഷ്ടമായത്.
യുവതി പൊലീസിൽ നൽകിയ പരാതിയിൽ കൊറിയർ കമ്പനി എക്സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തി ഒരാൾ ഫോൺ വിളിച്ചുവെന്ന് ആരോപിക്കുന്നു.രണ്ട് പാസ്പോർട്ട്, അഞ്ച് എ.ടി.എം കാർഡ്, 300 ഗ്രാം കഞ്ചാവ്, ലാപ്ടോപ്പ് എന്നിവ അടങ്ങിയ യുവതിയുടെ പേരിലുള്ള അന്താരാഷ്ട്ര പാർസൽ നിരസിച്ചുവെന്നാണ് എക്സിക്യൂട്ടീവ് പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ അത്തരമൊരു പാർസൽ താൻ അയച്ചിട്ടില്ലെന്ന് യുവതി ഇവരെ അറിയിച്ചു. തുടർന്ന് നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടതാകാമെന്നും ഉടൻ പൊലീസിൽ പരാതി നൽകാനും എക്സിക്യൂട്ടീവ് യുവതിയോട് ആവശ്യപ്പെട്ടു.
തുടർന്ന് ഇയാൾ ഫോൺ കോൾ മറ്റൊരാൾക്ക് ട്രാൻസ്ഫർ ചെയ്തു. മുംബൈ പെലീസ് ഉദ്യോഗസ്ഥനെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. യുവതിയുടെ തിരിച്ചറിയൽ രേഖകൾ അന്താരാഷ്ട്ര കള്ളക്കടത്ത് -കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇയാൾ യുവതിയെ അറിയിച്ചു. അന്വേഷണത്തിന് സഹായിക്കുകയാണെങ്കിൽ ഈ വിഷയത്തിൽ യുവതിക്ക് പങ്കില്ലെന്ന സർട്ടിഫിക്കറ്റ് നൽകാമെന്നും വിളിച്ചയാൾ ഉറപ്പു നൽകി.
തുടർന്ന് ആർ.ബി.ഐയുമായി ചേർന്ന് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ആദ്യം 95,499 രൂപ നൽകാൻ യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട് പലതവണയായി 6,93,437 രൂപ യുവതിയിൽ നിന്ന് തട്ടിപ്പുകാർ ഈടാക്കി. അന്വേഷണത്തിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയാണ് പണം ഈടാക്കിയത്.
യുവതിയുടെ പരാതിയിൽ അജ്ഞാതരായ ആളുകൾക്കെതിരെ ആൾമാറാട്ടത്തിനും വഞ്ചനക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.