ആപ്പിൾ വാച്ച് മോഷണംപോയെന്ന പോസ്റ്റ് വ്യാജം; എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഡോക്ടർ
text_fieldsതുഷാർ മേത്ത
ന്യൂഡൽഹി: വിമാനത്താവളത്തിലെ പരിശോധനക്കിടെ ആപ്പിൾ വാച്ച് മോഷണം പോയെന്ന ആരോപണം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കിയതോടെ എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഗുരുഗ്രാം സ്വദേശിയായ ഡോക്ടർ. ഡൽഹി എയർപോർട്ട് അധികൃതരും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമാണ് (സി.ഐ.എസ്.എഫ്) സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഗുരുഗ്രാം സ്വദേശിയായ സർജൻ തുഷാർ മേത്തയായിരുന്നു ആപ്പിൾ വാച്ച് മോഷണം പോയെന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
തുഷാർ മേത്തയുടെ പഴയ പോസ്റ്റ്
ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ തന്റെ ആപ്പിൾ വാച്ച് മോഷണം പോയെന്ന ഇദ്ദേഹത്തിന്റെ എക്സിലെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്താൻ സി.ഐ.എസ്.എഫും ഡൽഹി വിമാനത്താവള അധികൃതരും മുന്നോട്ടു വന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് സത്യങ്ങൾ പുറത്തു വന്നത്.
'സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സുരക്ഷാ പരിശോധനയ്ക്ക് ശേഷം മേത്ത തന്റെ വാച്ച് ധരിച്ചിരുന്നതായി കണ്ടു. തുടർന്ന് അദ്ദേഹം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമായി ഇടപഴകാതെ ബോർഡിങ് ഗേറ്റിലേക്ക് പോയി സുഗമമായി വിമാനത്തിൽ കയറി. അസ്വാഭാവികമായി മറ്റൊന്നും ഉണ്ടായില്ല' -ഡൽഹി വിമാനത്താവള അധികൃതരും സി.ഐ.എസ്.എഫും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അത് യാത്രക്കാരിൽ അനാവശ്യമായ ഉത്കണ്ഠകൾക്ക് കാരണമാവുമെന്നും സി.ഐ.എസ്.എഫ് കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ ഡോ. തുഷാർ മേത്ത തന്റെ എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. മോഷണം നടത്തിയെന്നാരോപിച്ചവരുടെ പേരുവിവരങ്ങളടക്കം പരാമർശിച്ചുള്ളതായിരുന്നു ഡോക്ടറുടെ നേരത്തെയുള്ള പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

