ഗുരുഗ്രാം മലയാളി ദമ്പതികളുടെ മരണം: ഭാര്യയുടേത് കൊലപാതകം
text_fieldsഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വാടക ഫ്ലാറ്റിനുള്ളിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വഴിത്തിരിവ്. ഇരുവരും മരണപ്പെട്ടു എന്നായിരുന്നു പ്രാഥമിക വിവരമെങ്കിൽ, ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേരള സ്വദേശികളായ മുഹമ്മദ് അസ്ലം(30), ഭാര്യ ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68 ബാദ്ഷാപൂർ ഏരിയയിലെ എം3എം മറീന സൊസൈറ്റിയിലെ അപ്പാർട്ട്മെന്റിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
കൃത്യം നിർവഹിച്ച ശേഷം ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് അസ്ലം താൻ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് അയച്ച ഇമെയിൽ സന്ദേശമാണ് സംഭവത്തിലെ നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
മരണത്തിലേക്ക് പോകും മുൻപ് കമ്പനിക്ക് ഇമെയിൽ; ബന്ധപ്പെടാൻ രണ്ട് നമ്പറുകൾ
താൻ കടുത്ത നടപടിയിലേക്ക് കടക്കുകയാണെന്ന സൂചന നൽകിക്കൊണ്ട് സ്വന്തം പിതാവിന്റെയും താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമസ്ഥന്റെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിയാണ് അസ്ലം തൊഴിലുടമയ്ക്ക് ഇമെയിൽ അയച്ചത്. സംഭവം ഇവരെ വിളിച്ച് അറിയിക്കണമെന്നും ഇമെയിലിൽ അഭ്യർത്ഥിച്ചിരുന്നു. ഇമെയിൽ കണ്ട കമ്പനി അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഫർഹാനയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിലും അസ്ലമിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. തുടർന്ന് ബാദ്ഷാപൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ആത്മഹത്യാക്കുറിപ്പില്ല; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം
ഫ്ലാറ്റിൽ നിന്ന് മറ്റ് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബാദ്ഷാപൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെക്ടർ മനോജ് കുമാർ അറിയിച്ചു:
"ലഭ്യമായ വിവരങ്ങളുടെയും ഭർത്താവ് കമ്പനിക്ക് അയച്ച ഇമെയിലിന്റെയും അടിസ്ഥാനത്തിൽ കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്."
— പൊലീസ് വ്യക്തമാക്കി.
കുടുംബവഴക്കാണോ അതോ മറ്റ് മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകളാണോ ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൃത്യമായ മരണസമയത്തെക്കുറിച്ചും മറ്റ് വിവരങ്ങളിലും വ്യക്തത വരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

