സൗദിയിലും യു.എ.ഇയിലും കഴിഞ്ഞ അഞ്ചുവർഷം മരിച്ചത് 11,000 ഇന്ത്യൻ തൊഴിലാളികൾ
text_fieldsന്യൂഡൽഹി: 2021 മുതൽ 2025 വരെ സൗദി അറേബ്യയിലും യു.എ.ഇയിലുമായി 23,000ത്തിലേറെ ഇന്ത്യൻ തൊഴിലാളികൾ മരിച്ചതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. സൗദി അറേബ്യയിൽ 11,923 പേരും യു.എ.ഇയിൽ 11,489 പേരുമാണ് ഈ കാലയളവിൽ മരിച്ചത്. ആറ് ജി.സി.സി രാജ്യങ്ങളിലായി രേഖപ്പെടുത്തിയ ഇന്ത്യൻ തൊഴിലാളികളുടെ ആകെ മരണങ്ങളിൽ ഏകദേശം 72 ശതമാനവും ഈ രണ്ട് രാജ്യങ്ങളിലാണ്.
കുവൈത്തിൽ 3,890, ഒമാനിൽ 2,457, ഖത്തറിൽ 1,548, ബഹ്റൈനിൽ 1,206 ഇന്ത്യൻ തൊഴിലാളികളുടെ മരണങ്ങളാണ് 2021-25 കാലയളവിൽ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പാർലമെന്റിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയത്.
2021ൽ മിക്ക ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ തൊഴിലാളികളുടെ മരണത്തിൽ വലിയ വർധനയുണ്ടായി. കോവിഡ്-19 മഹാമാരിയുമായി ഇതിന് ബന്ധമുണ്ടാകാമെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് 2022ൽ പല രാജ്യങ്ങളിലും മരണസംഖ്യ കുറഞ്ഞു. എന്നാൽ 2022ന് ശേഷം സൗദി അറേബ്യയിലും യു.എ.ഇയിലും മരണസംഖ്യ വീണ്ടും ഉയരുന്ന പ്രവണതയാണ് കാണപ്പെടുന്നത്. 2024-25 കാലയളവിലും ഇരു രാജ്യങ്ങളിലും മരണസംഖ്യ ഉയർന്ന നിലയിൽ തുടർന്നു. അതേസമയം, ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ താരതമ്യേന കുറഞ്ഞ മരണസംഖ്യയാണ് രേഖപ്പെടുത്തിയത്.
ആറ് ജി.സി.സി രാജ്യങ്ങളിലായി ഏകദേശം ഒരു കോടി ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കഴിയുന്നത് യു.എ.ഇയിലാണ്. ഏകദേശം 45 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയിൽ താമസിക്കുന്നതെന്നാണ് കണക്ക്.
ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാരുടെ പ്രധാന പ്രവാസി കേന്ദ്രങ്ങളാണ്. തൊഴിൽ തേടി എത്തുന്നവരടക്കം വലിയൊരു ഇന്ത്യൻ സമൂഹമാണ് ഈ രാജ്യങ്ങളിൽ താമസിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച വിഷയങ്ങൾക്ക് ഇതോടെ കൂടുതൽ പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

