ഗുലാബ് ഖാനും കൗസറും ചോദിക്കുന്നു; ആ 12 വർഷം ആര് തിരികെ നൽകും
text_fieldsബറേലി: തടവറയിൽ കഴിഞ്ഞ 12 വർഷങ്ങൾ ആർക്കും തിരിച്ചു തരാനാവില്ല -ഭീകരാക്രമണ കേസിൽ ന ിരപരാധിയെന്ന് കണ്ട് ഉത്തർപ്രദേശിലെ രാംപുർ കോടതി വിട്ടയച്ച ഗുലാബ് ഖാൻ (41) മാധ്യ മ പ്രവർത്തകരോട് പറഞ്ഞു. ഗുലാബ് ഖാനൊപ്പം അറസ്റ്റ് ചെയ്ത മുഹമ്മദ് കൗസറിനെയും (48) കോടതി വെറുതെവിട്ടു. 2008 ജനുവരി ഒന്നിന് രാംപുരിലെ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ച കേസിലാണ് യു.പി സ്പെഷൽ ടാസ്ക് ഫോഴ്സ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് മുമ്പ് ആയുധങ്ങൾ ഒളിപ്പിച്ചു എന്നാരോപിച്ചാണ് ഇരുവരെയും പിടികൂടിയത്. എന്നാൽ, ഇരുവർക്കുമെതിരെ തെളിവുകൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് കഴിഞ്ഞദിവസം രാംപുർ കോടതി വെറുതെവിട്ടത്.
അറസ്റ്റിലാകുേമ്പാൾ ഗുലാബ് ഖാന് 29ഉം കൗസറിന് 36ഉം വയസ്സായിരുന്നു പ്രായം. പ്രതാപ്ഗഢ് മേഖലയിലെ കുണ്ട പ്രദേശത്ത് വീടിന് സമീപം ഇലക്ട്രോണിക് കട നടത്തുകയായിരുന്നു കൗസർ. ബറേലിയിലെ ബഹെരിയിൽ വെൽഡിങ് കടയായിരുന്നു ഗുലാബിന്. രണ്ടുപേരുടേയും കടകളും സമ്പത്തും വിറ്റാണ് കുടുംബം കേസ് നടത്തിയത്. ഗുലാബിെൻറ ഭാര്യ നസറ തയ്യൽജോലി ചെയ്താണ് കുടുംബം പോറ്റിയത്. ഇപ്പോൾ 17, 15, 13 വയസ്സുള്ള മക്കൾക്ക് സാമ്പത്തികപ്രയാസം കാരണം പഠനം നിർത്തേണ്ടി വന്നു. ജയിലിൽ വെച്ച് ബിരുദം നേടിയ ഗുലാബിന് ജീവിതം ഇനി ആദ്യംമുതൽ തുടങ്ങേണ്ട സ്ഥിതിയാണ്.
‘ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങളാണ് നഷ്ടമായത്. ഭീകരാക്രമണ കേസുമായി തനിക്ക് ബന്ധമില്ല. തന്നെ ഇതിൽപെടുത്തുകയായിരുന്നു. കേസിലകപ്പെട്ടതോെട തെൻറയും കുടുംബത്തിെൻറയും ജീവിതം തകർന്നു. കേസിലുൾപ്പെട്ടതോടെ ഹൃദയാഘാതം വന്ന് മരിക്കുമെന്നുവരെ കരുതി. ഒടുവിൽ ജയിലിൽനിന്ന് പുറത്തു കടക്കാനായതിൽ ദൈവത്തിന് നന്ദി. ഇനി പുതിയ ജീവിതം തുടങ്ങണം. കോടതി കുറ്റമുക്തനാക്കിയെങ്കിലും ജനങ്ങളുടെ വിശ്വാസം നേടാൻ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് ഗുലാബ് ഖാൻ പറഞ്ഞു.
കേസിൽ യു.പി സ്വദേശികളായ മുഹമ്മദ് ശരീഫ്, ജങ് ബഹദൂർ, സബാഉദ്ദീൻ (ബിഹാർ), പാക് സ്വദേശികളെന്ന് കരുതപ്പെടുന്ന ഇംറാൻ ശഹസാദ്, മുഹമ്മദ് ഫാറൂഖ് എന്നിവരും അറസ്റ്റിലായിരുന്നു. ഇതിൽ ശഹസാദ്, ഫാറൂഖ്, ശരീഫ്, സബാഉദ്ദീൻ എന്നിവർക്ക് വധശിക്ഷയും ജങ് ബഹദൂറിന് ജീവപര്യന്തം തടവും കോടതി വിധിച്ചിട്ടുണ്ട്. ഏത് പാർട്ടി അധികാരത്തിൽവന്നാലും നീതിന്യായ വ്യവസ്ഥയുടെ ‘വ്യവസ്ഥാപിത വിവേചനത്തിന്’ മുസ്ലിംകൾ ഇരയാവുന്നതായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി എം.പി പറഞ്ഞു. ഗുലാബ് ഖാനും കൗസറിനും പുറമെ രാംപുർ ആക്രമണത്തിനിരയായവരും ഇരട്ട നീതിനിഷേധത്തിനിരയായതായി അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
