എണ്ണ തേക്കാത്തതിന് വിദ്യാർഥിനിയുടെ മുടി മുറിച്ചു; അധ്യാപകനെ പുറത്താക്കി
text_fieldsഗാന്ധിനഗർ: തലമുടിയിൽ എണ്ണ തേക്കാത്തതിന് മുടി മുറിച്ച് ശിക്ഷിച്ച കായികാധ്യാപകനെ പുറത്താക്കി. ജാംനഗറിലെ സ്വാമിനാരായൺ ഗുരുകുൽ സ്കൂളിലാണ് സംഭവം. തലയിൽ എണ്ണ തേക്കാതെ സ്കൂളിലേക്ക് വന്ന കുട്ടിയുടെ മുടി ടീച്ചർ ബ്ലേഡ് വെച്ച് മുറിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ജില്ല വിദ്യഭ്യാസ മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഇതിന് മുമ്പും സ്കൂളിനെതിരെ പരാതികളുണ്ടായിരുന്നു. നിസ്സാര കാര്യങ്ങൾക്ക് പോലും കഠിന ശിക്ഷകളാണ് സ്കൂളിൽ നിന്നും വിദ്യാർഥികൾ നേരിടുന്നതെന്ന് രക്ഷാകർത്താക്കൾ ആരോപിച്ചു. പുസ്തകം എടുക്കാൻ മറന്നാൽ നൂറ് തവണ ഏത്തമിടീക്കുന്നത് പോലുള്ള ശിക്ഷകൾ കാരണം സ്കൂളിന്റെ പേര് കേൾക്കുന്നത് പോലും കുട്ടികൾക്ക് പേടിയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
മുടി മുറിച്ച സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ അധ്യാപകനെ പിരിച്ചുവിട്ടതായി സ്കൂൾ ഡയറക്ടർ ശശിബെൻ ദാസ് സ്ഥിരീകരിച്ചു. മുടി നീട്ടി വളർത്തുന്നത് സ്കൂളിൽ നിരോധിച്ചതാണെന്നും മുടി നീട്ടിയാൽ രക്ഷിതാക്കളെ വിളിച്ച് അറിയിക്കുകയുമാണ് ചെയ്യാറെന്നും അദ്ദേഹം പറഞ്ഞു. കായികാധ്യാപകൻ വിദ്യാർഥിനിയുടെ മുടി മുറിച്ചത് ശരിയായ നടപടിയല്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പിരിച്ചു വിട്ടതെന്നും ശശിബെൻ വ്യക്തമാക്കി.
സമാനമായ രീതിയിൽ നവാനഗർ ഗവൺമെന്റ് ഹൈസ്‌കൂളിലും അധ്യാപകൻ വിദ്യാർഥിയുടെ മുടി മുറിച്ചതായി പരാതിയുണ്ട്. മുടി മുറിക്കലുമായി ബന്ധപ്പെട്ട് ജാംനഗറിലെ രണ്ട് സ്കൂളുകളിൽനിന്നും പരാതി ലഭിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിപുൽ മേത്ത പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മറ്റ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും രണ്ട് അധ്യാപകർക്കെതിരെയും നടപടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. രണ്ട് കേസുകളിലും വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

