14 കാരിയെ പീഡിപ്പിച്ച് പിതാവ്, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അമ്മ; ഗുജറാത്തിൽ ദമ്പതികൾ അറസ്റ്റിൽ
text_fieldsരാജ്‌കോട്ട്: സ്വന്തം മകളെ പിതാവ് ക്രൂരമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അമ്മ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലെ അഞ്ജാറിനടുത്താണ് നാടിനെ നടുക്കിയ സംഭവം. 14 വയസ്സുകാരിയായ പെൺകുട്ടി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് കച്ച് ഈസ്റ്റ് പൊലീസാണ് വെള്ളിയാഴ്ച രാത്രി പ്രതികളെ പിടികൂടിയത്.
സുഹൃത്തോ പരിചയക്കാരനോ ആയ ഒരു ആൺകുട്ടിയുമായി പെൺകുട്ടി ഫോണിൽ സംസാരിക്കുന്നത് കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ ഫോൺ എറിഞ്ഞുടച്ച ഇയാൾ ഭാര്യയുടെ മുന്നിലിട്ട് മകളെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയത്ത് അമ്മ മൊബൈൽ ഫോണിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് കുറ്റകൃത്യം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും കണ്ടെടുത്തു.
രണ്ടു മൂന്നു ദിവസം മുൻപ് പെൺകുട്ടി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. എന്നാൽ പൊലീസ് വാഹനം എത്തുന്നതിനുമുമ്പ് പിതാവ് ഫോൺ സ്വിച്ച് ഓഫാക്കിയതിനാൽ ഇവരെ കണ്ടെത്താനായില്ലെന്ന് അഞ്ജാർ പൊലീസ് ഇൻസ്പെക്ടർ എച്ച്.എ. ജഡേജ പറഞ്ഞു. വെള്ളിയാഴ്ച മറ്റൊരു ഫോൺ ലഭിച്ചതോടെ പെൺകുട്ടി വീണ്ടും 112 എന്ന നമ്പറിൽ വിളിച്ച് താൻ നേരിടുന്ന അതിക്രമം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ സ്റ്റേഷനിലെത്തിക്കുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഉത്തർപ്രദേശിൽ നിന്നുള്ള ഈ കുടുംബം ആറു വർഷത്തോളമായി അഞ്ജാറിനടുത്ത് താമസിച്ച് കൂലിപ്പണി ചെയ്തുവരികയാണ്. ദമ്പതികളുടെ നാല് പെൺമക്കളിൽ മൂത്തയാളാണ് അതിക്രമത്തിന് ഇരയായത്. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

