Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅദാനിക്കെതിരെ...

അദാനിക്കെതിരെ പോസ്റ്റ്: മലയാളി മാധ്യമ പ്രവർത്തകന്റ വീടുകളിൽ പരിശോധനയുമായി ​ഗുജറാത്ത് പൊലീസ്

text_fields
bookmark_border
അദാനിക്കെതിരെ പോസ്റ്റ്: മലയാളി മാധ്യമ പ്രവർത്തകന്റ വീടുകളിൽ പരിശോധനയുമായി ​ഗുജറാത്ത് പൊലീസ്
cancel

ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ മാധ്യമമായ ‘ദി വാഷിങ്ടൺ പോസ്റ്റ്’ പ്രസിദ്ധീകരിച്ച അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ പേരിൽ മാധ്യമപ്രവർത്തകൻ രവി നായരുടെ കേരളത്തിലെയും ഡൽഹിയിലെയും വീടുകളിൽ ഗുജറാത്ത് പൊലീസിന്റെ വ്യാപക പരിശോധന. ആഗസ്റ്റ് 17ന് ഉച്ചയോടെയായിരുന്നു ഒരേസമയം പരിശോധനകൾ നടന്നത്.

കേരളത്തിലെ വീട്ടിൽനിന്ന് രവി നായരുടെ രണ്ട് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും പൊലീസ് പിടിച്ചെടുത്തു. ഡൽഹിയിലെ വസതിയിൽനിന്ന് രവിയുടെ മകന്റെ ലാപ്ടോപ്പും അവിടെയുണ്ടായിരുന്ന സഹപ്രവർത്തക സാച്ചി ഹെഡ്ജിന്റെ ലാപ്ടോപ്പും ഐപാഡും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ കേസിൽ രവിയുടെ മകനോ സഹപ്രവർത്തകയോ പ്രതികളല്ല.

2025 ഒക്ടോബറിൽ ‘ദി വാഷിങ്ടൺ പോസ്റ്റ്’ പുറത്തുവിട്ട അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ട് രവി നായർ എക്സിൽ പങ്കുവെച്ചതാണ് കേസിന് ആധാരം. സർക്കാരിന്റെ നിർദേശപ്രകാരം പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി അദാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ഏകദേശം 3.9 ബില്യൺ ഡോളർ നിക്ഷേപിക്കാൻ നീക്കം നടത്തിയെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന വെളിപ്പെടുത്തൽ.

റിപ്പോർട്ടിനെതിരെ അഹമ്മദാബാദിലെ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡിലെ ജീവനക്കാരൻ പരാതി നൽകിയിരുന്നു. തുടർന്ന് ഗുജറാത്ത് പൊലീസ് വഞ്ചന, രേഖകളിൽ കൃത്രിമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രവി നായർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആഗസ്റ്റ് 11ന് കോടതി ഹർജി തള്ളിയിരുന്നു. റിപ്പോർട്ടിന് ആധാരമായ രേഖകൾ യഥാർഥമാണോ വ്യാജമാണോ എന്നത് സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇതിന് പിന്നാലെയാണ് അഹമ്മദാബാദ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ പൊലീസ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും വീടുകളിൽ ഉണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം അംഗീകരിച്ചാണ് തിരച്ചിലിന് അനുമതി നൽകിയത്. രണ്ട് വീടുകളിലും ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച പരിശോധന ഏകദേശം നാല് മണിക്കൂറോളം നീണ്ടുനിന്നു.

അതേസമയം, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഹാഷ് വാല്യു പൊലീസ് കൈമാറിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഡിജിറ്റൽ വിവരങ്ങളുടെ സുരക്ഷിതത്വവും സമഗ്രതയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ കൃത്യമായ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയം ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. കേസിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat policeWashington postRavi Nairadanigroup
News Summary - Gujarat Police raid homes of Malayali journalist Ravi Nair over Adani post
Next Story