'നാഥുറാം ഗോഡ്സെ; എന്‍റെ ആരാധനപാത്രം' വിഷയത്തിൽ ഗുജറാത്തിൽ വിദ്യാർഥികൾക്ക് പ്രസംഗ മത്സരം
text_fieldsസൂറത്ത്: 'നാഥുറാം ഗോഡ്സെ; എന്‍റെ ആരാധനപാത്രം' എന്ന വിഷയത്തിൽ ഗുജറാത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഗാന്ധി ഘാതകനെ പ്രകീർത്തിച്ചുള്ള പ്രസംഗ മത്സരം വിവാദമായതോടെ യൂത്ത് വികസന ഉദ്യോഗസ്ഥനെ സർക്കാർ സസ്പെൻഡ് ചെയ്തു. വൽസദ് ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ അഞ്ചു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരശേഷം കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തിരുന്നു. നീതബെൻ ഗവ്ലിയെയാണ് യുവജന സേവന സാംസ്കാരിക വകുപ്പ് സസ്പെൻഡ് ചെയ്തത്. വകുപ്പിനു കീഴിൽ സംഘടിപ്പിക്കുന്ന ജില്ലതല ചൈൽഡ് ടാലന്‍റ് സെർച്ച് കോപറ്റീഷന്‍റെ ഭാഗമായി കുസും വിദ്യാലയ എന്ന സ്വകാര്യ സ്കൂളിൽ തിങ്കളഴ്ചയാണ് മത്സരം നടത്തിയത്.
പരിപാടി നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂളിൽനിന്ന് ആരും പരിപാടിയിൽ പങ്കെടത്തിരുന്നില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. 25 സർക്കാർ-സ്വകാര്യ സ്കൂളുകളിലെ എട്ടു വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. പിന്നാലെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി.
പ്രസംഗമത്സരത്തിന്‍റെ പേരിൽ മഹാത്മാഗാന്ധിയെ കുറിച്ച് കുട്ടികളുടെ മനസ്സിൽ വെറുപ്പ് നിറച്ച് ഗോഡ്‌സയെ ഒരു നായകനായി ചിത്രീകരിക്കാനുള്ള അങ്ങേയറ്റം ലജ്ജാകരമായ ശ്രമമാണ് നടന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോധ് വാദിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

