ബി.ജെ.പി എം.എൽ.എയുടെ വീട് കഴുകാൻ ഫയർ ഫോഴ്സ് വാഹനം; വിവാദം
text_fieldsഅഹമ്മദാബാദ്: ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ ബച്ചുഭായ് ഖബാദിന്റെ സ്വകാര്യ വസതി കഴുകാൻ ഫയർഫോഴ്സ് വാഹനം ഉപയോഗിച്ചതിൽ വിവാദം. ദഹോദ് ജില്ലയിലെ ധൻപുർ താലൂക്കിലെ ഖബാദിന്റെ വീട്ടിൽ ഫയർ ഫോഴ്സ് ടാങ്കറിൽനിന്ന് വെള്ളം പമ്പ് ചെയ്ത് പുറംഭിത്തികൾ കഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ദേവ്ഗഢ് ബാരിയ നഗരസഭ അന്വേഷണം ആരംഭിച്ചു.
ദേവ്ഗഡ് ബാരിയ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള അടിയന്തര സേവനങ്ങൾക്കായി ഉപയോഗിക്കേണ്ട വാഹനമാണ് സ്വകാര്യ വസതി കഴുകാൻ ഉപയോഗിച്ചത്. സ്ഥലത്തെത്തിയ ജീവനക്കാർ വീടിന്റെ പുറംഭിത്തികളിൽ വെള്ളം ഒഴിക്കുന്നത് വിഡിയോയിൽ കാണാം. സ്വകാര്യ ആവശ്യത്തിനാണ് വാഹനം വിളിച്ചതെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ വാഹനം തിരിച്ചുവിളിച്ചതായി മുനിസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഖബാദിന്റെ മകൻ ബൽവന്ത് ഖബാദിന്റെ പേരിൽ 2,700 രൂപ ഫീസ് ഈടാക്കിയതായി ദേവ്ഗഢ് ബാരിയ നഗരസഭ അറിയിച്ചു. ഇതിന് രസീത് നൽകിയതായും നഗരസഭാ അധികൃതർ പറഞ്ഞു. ഫയർ ഫോഴ്സ് വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചത് ചട്ടപ്രകാരമാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ തുടർനടപടി പരിശോധിക്കുകയാണെന്നും നഗരസഭാ ചീഫ് ഓഫീസർ അറിയിച്ചു.
വാഹനം അയച്ചത് നഗരസഭാ പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്നാണെന്നും എന്നാൽ അത് ബംഗ്ലാവ് കഴുകുന്നതിനാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഫയർ ഓഫീസർ വ്യക്തമാക്കി. യഥാർഥ ഉപയോഗം മനസ്സിലായ ഉടൻ വാഹനം തിരിച്ചുവിളിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തെ തുടർന്ന് കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. ദേവ്ഗഢ് ബാരിയ മേഖലയിൽ ജലക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിലെ വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ദഹോദ് സിറ്റി കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാവൽ പറഞ്ഞു. പ്രദേശത്തെ ജനങ്ങൾക്ക് രണ്ട് ദിവസത്തിലൊരിക്കൽ മാത്രമാണ് മുനിസിപ്പൽ വെള്ളം ലഭിക്കുന്നതെന്നും രാജേഷ് റാവൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

