സൈനിക വിവരങ്ങൾ വാട്സ്ആപ്പ് വഴി പാക് ഏജന്‍റിന് പങ്കുവെച്ചു, പണം കൈപ്പറ്റി; ഗുജറാത്തിൽ ആരോഗ്യപ്രവർത്തകൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: അതിർത്തി രക്ഷാസേനയും (ബി.എസ്.എഫ്) നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താൻ ഏജന്‍റിന് വാട്സ്ആപ്പിലൂടെ പങ്കുവെച്ച ഗുജറാത്ത് സ്വദേശിയെ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. കച്ചിലെ നാരായൺ സരോവർ സ്വദേശിയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കരാർ ജീവനക്കാരനുമായ സഹദേവ്സിങ് ഗോഹിലാണ് പിടിയിലായത്. 2023 ജൂലൈ മുതൽ ഇയാൾ അതിഥി ഭരദ്വാജ് എന്ന പേരിലുള്ള പാക് ചാരവനിതക്ക് വിവരങ്ങൾ കൈമാറുന്നതായി എ.ടി.എസ് അറിയിച്ചു.
ഇന്ത്യ -പാകിസ്താൻ അതിർത്തിയോട് ചേർന്ന മേഖലകളിലുള്ള ബി.എസ്.എഫ് പോസ്റ്റുകൾ, നാവികസേനാ ഓഫിസുകൾ, പുതിയ നിർമാണ പ്രവൃത്തികൾ എന്നിവയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സഹദേവ്സിങ് പങ്കുവെച്ചതിൽ ഏറെയും. രഹസ്യവിവരങ്ങൾ ഇയാൾ പങ്കുവെക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഈമാസം ഒന്നിന് ഗോഹിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. നാവിക സേനയുടെയും ബി.എസ്.എഫിന്‍റെയും സൈനിക പോസ്റ്റുകളുടെ ഫോട്ടോകളും വിഡിയോകളും ഏജന്‍റ് ഇയാളോട് ആവശ്യപ്പെട്ടതായി കണ്ടെത്തിയെന്ന് എ.ടി.എസ് വ്യക്തമാക്കി.
ഈ വർഷമാദ്യം, ഗോഹിൽ തന്‍റെ ആധാർ ഉപയോഗിച്ച് ഒരു സിം കാർഡ് വാങ്ങി. ഒറ്റത്തവണ പാസ്‌വേഡിന്‍റെ സഹായത്തോടെ, ആ നമ്പരുപയോഗിച്ച് അദിതി ഭരദ്വാജിന് വാട്സ്ആപ്പ് ഉപയോഗിക്കാൻ സൗകര്യം നൽകി. അതിനുശേഷം ഫോട്ടോകളും വീഡിയോകളും ആ നമ്പറിലേക്ക് പങ്കിടുകയായിരുന്നു. പാകിസ്താനിൽ നിന്നാണ് ഗോഹിലിന്‍റെ പേരിലുള്ള നമ്പർ പ്രവർത്തിപ്പിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഓരോ തവണ വിവരം കൈമാറുമ്പോഴും ഗോഹിലിന് 40,000 രൂപ ലഭിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായി ബന്ധമുള്ളവരെ ശക്തമായി നിരീക്ഷിക്കാൻ തുടങ്ങിയത്. മേയ് ഏഴിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന ഭീകരർക്ക് കനത്ത തിരിച്ചടി നൽകിയിരുന്നു. പാകിസ്താൻ ചാരന്മാർക്ക് സഹായം നൽകിയെന്ന് കാണിച്ച് യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ ഏതാനും പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

