Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങൾക്കിടെ സംഘർഷം; മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങൾക്കിടെ സംഘർഷം; മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു
cancel

അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള ഡാകോർ പട്ടണത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 വയസ്സുകാരൻ മരിച്ചു. ഡാകോർ സ്വദേശിയായ സുൽത്താൻ ഇഖ്ബാൽഭായ് ഷെയ്ഖ് ആണ് മരണപ്പെട്ടത്. ഒക്ടോബർ 14-ന് രാത്രി നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു.

നവി നഗരി മേഖലയിലെ സത്യം സൊസൈറ്റിക്ക് സമീപമാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. മുൻ നഗരസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണുകളെയും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണച്ചതിനെയും ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന പ്രാഥമിക വിവരം. വാക്കേറ്റം പിന്നീട് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള തെരുവ് യുദ്ധമായി മാറുകയായിരുന്നു.

ചികിത്സയിലിരിക്കെ മരണം; 16 പേർക്കെതിരെ നടപടി

സംഘർഷത്തിൽ ഒരു വിഭാഗത്തിലെ അഞ്ചുപേർക്കും മറുവിഭാഗത്തിലെ മൂന്നുപേർക്കും ഉൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ഡാകോർ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലും, തുടർന്ന് ഗുരുതരമായി പരിക്കേറ്റവരെ നാദിയാദ് സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയവെയാണ് സുൽത്താൻ മരണപ്പെട്ടത്.

സംഭവത്തെ തുടർന്ന് ഖേഡ ജില്ലാ പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവർക്കൊപ്പം സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ലോക്കൽ ക്രൈംബ്രാഞ്ച് എന്നിവരടങ്ങിയ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി.

സംഭവത്തിൽ ഉൾപ്പെട്ട 16 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇരുവിഭാഗങ്ങളിൽ നിന്നുമായി എട്ടുപേരെ വീതം കസ്റ്റഡിയിലെടുത്തതായും ഖേഡ എസ്.പി വിജയ് പട്ടേൽ അറിയിച്ചു. കൊലപാതക കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രദേശത്ത് കനത്ത ജാഗ്രത; സോഷ്യൽ മീഡിയയിലും പ്രതിഷേധം

21-കാരനായ യുവാവിന്റെ ദാരുണ മരണത്തിന് കാരണക്കാരായ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ രോഷമാണ് ഉയരുന്നത്. ചില ഉപയോക്താക്കൾ ഇതിനെ വർഗീയ സംഘർഷമായി ചിത്രീകരിച്ച് പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവെച്ചതോടെ പൊലീസ് സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സംഘർഷത്തിലേക്ക് നയിച്ച കൃത്യമായ സംഭവവികാസങ്ങളെക്കുറിച്ചും ഓരോരുത്തരുടെയും പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഡാകോറിൽ കർശന പോലീസ് പട്രോളിംഗും സുരക്ഷാ സന്നാഹങ്ങളും തുടരുകയാണ്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gujarat: 21-Year-Old Sultan Dies After Violent Clash in Kheda; 16 Detained on Murder Charges
Next Story