ഗുജറാത്ത് പാകിസ്താൻ അല്ല, നിങ്ങളുടെ ഇളയ സഹോദരനാണ് -ശിവസേനയോട് ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsമഹാരാഷ്ട്ര: ഗുജറാത്ത് പാകിസ്താൻ അല്ലെന്നും നിങ്ങളുടെ ഇളയ സഹോദരൻ ആണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ''ഗുജറാത്തും മുംബൈയും സ്ഥാപിതമായത് ഒരേ ദിവസമാണ്. ഒരിക്കൽ ഒന്നിച്ചായിരുന്നു നമ്മൾ. ഇതൊരു ആരോഗ്യകരമായ മത്സരമായിരിക്കണം. എല്ലാവരുടെയും മുന്നിലെത്തണമെന്നാണ് നമ്മളുടെ ആവശ്യം. മഹാരാഷ്ട്രയെ ഒന്നാം സ്ഥാനത്ത് എത്തിക്കുക''-വെള്ളിയാഴ്ച വൈകീട്ട് മുംബൈയിൽ നടന്ന ലഘു ഉദ്യോഗ് ഭാരതി കോൺക്ലേവിൽ ചെറുകിട സംരംഭകരെ അഭിസംബോധന ചെയ്യവെ ഫഡ്നാവിസ് പറഞ്ഞു.
ഒന്നരലക്ഷം കോടി രൂപയുടെ ഫോക്സ്കോൺ-വേദാന്ത അർധചാലക പ്ലാന്‍റ് സംസ്ഥാനത്തിന് നഷ്ടമായതിനെ ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷത്തിന് അയവ് വരുത്താനുള്ള ശ്രമമായിരുന്നു ഫഡ്നാവിസിന്റെത്. പദ്ധതി നഷ്ടപ്പെട്ടതിൽ ശിവസേനയും കോൺഗ്രസും സർക്കാരിനെ വിമർശിച്ചിരുന്നു.
ഗുജറാത്തിന് എതിരെ സംസാരിച്ചാൽ നിങ്ങൾക്ക് ഗുജറാത്തിനെ തോൽപിക്കാൻ കഴിയില്ല. അതിന് നയങ്ങൾ ആവശ്യമാണ്.
അഞ്ചുവർഷക്കാലം മഹാരാഷ്ട്ര ഗുജറാത്തിന് മുന്നിൽ നിൽക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കി. ഇപ്പോൾ ഗുജറാത്തിന് എതിരെ സംസാരിക്കുന്നവർ അതിനെ ഒന്നാംസ്ഥാനത്ത് എത്തിച്ച് മഹാരാഷ്ട്രയെ പിന്നിലാക്കുകയും ചെയ്തുവെന്നും ശിവസേനയെ കടന്നാക്രമിച്ചുകൊണ്ട് ഫഡ്നാവിസ് പറഞ്ഞു.