അവകാശമില്ലാത്ത ഭൂമി എങ്ങനെ കൈവശം വെക്കും? യൂസുഫ് പത്താൻ എം.പിക്ക് ഗുജറാത്ത് ഹൈകോടതിയുടെ കടുത്ത വിമർശനം
text_fieldsഅഹമ്മദാബാദ്: മുനിസിപ്പൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈവശം വെച്ച കേസിൽ തൃണമൂൽ കോൺഗ്രസ് എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനെതിരെ ഗുജറാത്ത് ഹൈകോടതിയുടെ രൂക്ഷവിമർശനം. യാതൊരുവിധ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കാതെ, തനിക്ക് അവകാശമില്ലാത്ത പൊതുഭൂമി എങ്ങനെയാണ് വർഷങ്ങളായി കൈവശം വെക്കുകയെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചതിന് വലിയ തുക പിഴയായി നൽകേണ്ടി വരുമെന്നും കോടതി പരാമർശിച്ചു.
ഇതിനിടെ, വഡോദരയിലെ പ്രമുഖ കച്ചവട മേഖലയായ താണ്ഡൽജയിൽ പത്താന്റെ കൈവശമുള്ള 978 ചതുരശ്ര മീറ്റർ ഭൂമി തിരിച്ചുപിടിച്ച് ലേലം ചെയ്യുന്നതിനായി വഡോദര മുനിസിപ്പൽ കോർപറേഷൻ പുതിയ മൂല്യനിർണയം നടത്തി പ്രമേയം പാസാക്കി. ചതുരശ്ര മീറ്ററിന് 2.10 ലക്ഷം രൂപ നിരക്കിൽ ഏകദേശം 20.5 കോടി രൂപയാണ് ഈ ഭൂമിക്ക് ഇപ്പോൾ വിപണി വില നിശ്ചയിച്ചിരിക്കുന്നത്.
2012ലാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. കുതിരലായം നിർമിക്കുന്നതിനായി താണ്ഡൽജയിലുള്ള നഗരസഭയുടെ സ്ഥലം തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂസുഫ് പത്താൻ വഡോദര കോർപറേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഭൂമി പൊതുലേലം വിളിക്കാതെ, നേരിട്ട് പത്താന് വിൽക്കാൻ കോർപറേഷൻ ഭരണസമിതി പ്രമേയം പാസാക്കി. ചതുരശ്ര മീറ്ററിന് 57,270 രൂപ നിരക്കിൽ അന്ന് കണക്കാക്കിയ ആകെ മൂല്യം 5.6 കോടി രൂപയായിരുന്നു.
എന്നാൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതുഭൂമി നേരിട്ട് കൈമാറാൻ ഗുജറാത്ത് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഇതോടെ, 2014 ജൂണിൽ പത്താന്റെ അപേക്ഷ സംസ്ഥാന സർക്കാർ തള്ളി. എന്നാൽ, സർക്കാർ ഉത്തരവ് വന്നിട്ടും ഭൂമി ഒഴിഞ്ഞുകൊടുക്കാൻ പത്താൻ തയ്യാറായില്ല. കഴിഞ്ഞ 14 വർഷത്തിനിടെ വഡോദര നഗരം വികസിച്ചതോടെ അന്ന് 5.6 കോടി വിലയുണ്ടായിരുന്ന ഭൂമിയുടെ മൂല്യം ഇന്ന് മൂന്നിരട്ടിയിലധികമായി വർധിച്ച് 20.5 കോടി രൂപയിലെത്തി.
2024ൽ പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ ടിക്കറ്റിൽ പത്താൻ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വഡോദര കോർപറേഷൻ ഭൂമി ഒഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ പത്താൻ ഗുജറാത്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്റെ ഭൂമി അനുവദിക്കാത്ത നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ പത്താൻ സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
നേരത്തെ, കേസ് പരിഗണിക്കവെ ഹൈകോടതി സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. പത്താന് അനുകൂലമായി യാതൊരുവിധ അന്തിമ ഭൂമി കൈമാറ്റ ഉത്തരവും നിലവിലില്ലെന്നും, സർക്കാർ അപേക്ഷ തള്ളിയതോടെ ഭൂമിയിൽ അദ്ദേഹത്തിനുള്ള എല്ലാ അവകാശങ്ങളും ഇല്ലാതായെന്നും കോടതി വ്യക്തമാക്കി. പത്താന്റെ കൈവശം ഈ ഭൂമി തുടരുന്നത് 'നിയമവിരുദ്ധ കൈയേറ്റം' ആണെന്ന് പ്രഖ്യാപിച്ച കോടതി, ഭൂമി തിരിച്ചുപിടിക്കാൻ നഗരസഭക്ക് നിർദ്ദേശം നൽകുകയായിരുന്നു.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭൂമി തിരിച്ചുപിടിച്ച് പൊതുലേലത്തിലൂടെ വരുമാനമാക്കാനുള്ള നീക്കത്തിലാണ് വഡോദര മുനിസിപ്പൽ കോർപറേഷൻ. പത്താന്റെ കൈവശമുള്ള ഭൂമി ഉൾപ്പെടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏഴ് പ്ലോട്ടുകളുടെ മൂല്യനിർണയം കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
ലാൻഡ് ഡിസ്പോസൽ ആക്ട് പ്രകാരം കലക്ടർ ഓഫീസ്, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, വുഡ എന്നിവരടങ്ങിയ സമിതിയാണ് ചതുരശ്ര മീറ്ററിന് 2.10 ലക്ഷം രൂപ വില നിശ്ചയിച്ചത്. വരും ദിവസങ്ങളിൽ ചേരുന്ന നഗരസഭാ ജനറൽ ബോഡി യോഗം കൂടി അംഗീകരിക്കുന്നതോടെ ഈ മൂല്യനിർണയം അന്തിമമാവുകയും ഭൂമി ലേലത്തിലേക്ക് പോവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

