ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണക്കായി പാർക്ക് നിർമിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
text_fieldsഅഹമ്മദാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണക്കായി പാർക്ക് നിർമിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഗുജറത്താലെ കച്ചിൽ സിന്ദൂർ വനമെന്ന പേരിലാവും പാർക്ക് നിർമാണം. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ജില്ലയിലാണ് പദ്ധതി വരുന്നത്.
കച്ച് ജില്ലാ കലക്ടർ ആനന്ദ് പട്ടേൽ ഇന്ത്യൻ എക്സ്പ്രസിനോടാണ് ഇക്കാര്യം പറഞ്ഞത്. എട്ട് ഹെക്ടറോളം വരുന്ന ഭൂമിയിലാവും സിന്ദൂർ വനം യാഥാർഥ്യമാവുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ഗുജറാത്ത് സന്ദർശനത്തിൽ നരേന്ദ്ര മോദി കച്ചിലെ ഈ വനമേഖലക്ക് സമീപത്തുവെച്ച് പൊതുയോഗം സംഘടിപ്പിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരം കൂടിയാവും പാർക്കെന്നാണ് റിപ്പോർട്ട്. ഒരു വർഷത്തിനുള്ളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് സിന്ദൂർപാർക്ക് യാഥാർഥ്യമാക്കുമെന്ന് കച്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സന്ദീപ് കുമാർ പറഞ്ഞു. ഇവിടെ ഔഷധ്യ സസ്യങ്ങൾ ഉൾപ്പടെ വെച്ചുപിടിപ്പിച്ചാവും പാർക്ക് യാഥാർഥ്യമാക്കുക. ബി.എസ്.എഫ്, ആർമി, എയർഫോഴ്സ്, നേവി എന്നിവക്ക് വേണ്ടി പ്രത്യേക സ്ഥലങ്ങൾ പാർക്കിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഹെക്ടറിൽ 10,000 മരം വെച്ചുപിടിപ്പിക്കാനാണ് പദ്ധതി. നഗരത്തിനുള്ളിൽ ഒരു വനം സൃഷ്ടിക്കാനാണ് പദ്ധതി. സിന്ദൂർ വനം സന്ദർശിക്കുന്നവർക്ക് ഓപ്പറേഷൻ നടത്താനായി ഇന്ത്യൻ സേന ഉപയോഗിച്ച ആയുധങ്ങൾ കാണാനുള്ള അവസരവും ഉണ്ടാവും. ഓപ്പറേഷൻ സിന്ദൂറിനിടെ 600ഓളം മിസൈലുകളും ഡ്രോണുകളുമാണ് ഇന്ത്യ പാകിസ്താനെ ആക്രമിക്കാൻ ഉൽയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

