ഗുജറാത്ത് ഏക സിവിൽ കോഡിന്
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം പ്രതീക്ഷിക്കുന്ന ഗുജറാത്തിൽ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഏക സിവിൽ കോഡുമായി ബി.ജെ.പി. സംസ്ഥാനത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ഗുജറാത്ത് സർക്കാർ ശനിയാഴ്ച റിട്ട. ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നാലംഗ സമിതി രൂപവത്കരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി എടുക്കുമെന്ന് സംസ്ഥാന ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്വി അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനു മുമ്പുതന്നെ സമിതി അംഗങ്ങളെ നിയമിക്കും.പൗരന്മാർക്ക് ഏകീകൃത വ്യക്തിനിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാറുകൾ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭരണഘടനയുടെ 44ാം വകുപ്പ് പിന്തുടർന്നാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിർദിഷ്ട ഏക സിവിൽ കോഡ്, ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ഹനിക്കുന്നതാവില്ലെന്ന് ഗുജറാത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല അവകാശപ്പെട്ടു. ഹിന്ദു വിവാഹനിയമവും മുസ്ലിം വ്യക്തിനിയമവും ഏക സിവിൽ കോഡിന്റെ പരിധിയിൽവരുമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, ഈ നിയമങ്ങൾ ഭരണഘടനയുടെ ഭാഗമല്ലെന്നും വിശദീകരിച്ചു.
'ഭർത്താവിന്റെയോ പിതാവിന്റെയോ സ്വത്തിൽ ഭാര്യയുടെയും പെൺമക്കളുടെയും അവകാശവാദങ്ങൾ പോലെ സിവിൽ തർക്കങ്ങളിൽ ഉടലെടുക്കുന്ന വൈരുധ്യങ്ങൾ ഇല്ലായ്മചെയ്യലാണ് നിയമംകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ഞങ്ങൾക്ക് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്.'-രൂപാല കൂട്ടിച്ചേർത്തു. സമിതി റിപ്പോർട്ട് പരിഗണിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നും ഇതിൽ കാലപരിധി വെച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പുമായി പുതിയ തീരുമാനത്തിന് ബന്ധമില്ലെന്ന കേന്ദ്രമന്ത്രിയുടെ അവകാശവാദം പ്രതിപക്ഷ പാർട്ടികൾ തള്ളി. സമുദായ ധ്രുവീകരണം സൃഷ്ടിച്ച് ഹിന്ദുവോട്ടുകൾ സമാഹരിക്കുകയാണ് ബി.ജെ.പി ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പഠിക്കാൻ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡും ഹിമാചൽപ്രദേശും നേരത്തേ ഇത്തരം സമിതി രൂപവത്കരിച്ചിരുന്നു. 'ഗോവ സിവിൽ കോഡ്' എന്ന പേരിൽ നിശ്ചിത വ്യക്തിനിയമങ്ങൾക്കായി ഗോവയിൽ ഏകീകൃത നിയമം നിലവിലുണ്ട്.
മതപരമായോ ലിംഗപരമായോ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ വ്യക്തി നിയമം എന്ന നിർദേശമാണ് ഏക സിവിൽകോഡ്. വിവിധ മതവിഭാഗങ്ങൾ വസിക്കുന്ന രാജ്യത്ത് ഒട്ടേറെ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന നിർദിഷ്ട നിയമവുമായി ബന്ധപ്പെട്ട് മുൻകാല സർക്കാറുകൾ ഏറെ സൂക്ഷ്മതയോടെയാണ് നിലപാടുകൾ സ്വീകരിച്ചുവന്നിരുന്നത്.
രാജ്യത്ത് ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയമം നിർമിക്കാനോ നടപ്പാക്കാനോ പാർലമെന്റിന് നിർദേശം നൽകാൻ കഴിയില്ലെന്ന് ഈമാസം ആദ്യം കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

