350 കിടക്കകളുള്ള സർക്കാർ ആശുപത്രി ആരോഗ്യമന്ത്രിക്ക് ഒരു രൂപക്ക് പാട്ടത്തിന്
text_fields350 കിടക്കകളുള്ള സർക്കാർആശുപത്രി പ്രതിവർഷം ഒരു രൂപ നിരക്കിൽ പാട്ടത്തിന് കൊടുക്കുന്ന കച്ചവടം ഇക്കാലത്ത് ഉൗഹിക്കാനാകുമോ? അതും 33 വർഷത്തേക്ക്. സംസ്ഥാന ആരോഗ്യമന്ത്രി നടത്തുന്ന ഇൗ കച്ചവടത്തിൽ ആശുപത്രി പാട്ടത്തിന് വാങ്ങുന്നത് മന്ത്രിയുടെ ട്രസ്റ്റ് തന്നെയാകുേമ്പാൾ അതിനെ എന്തു വിളിക്കും? ഗുജറാത്തിൽ ഇതിനെയും വികസനം എന്ന് വിളിക്കും. ഗുജറാത്തിലെ ബനസ്കന്തക്ക് ആകെ ആശ്രയിക്കാനുള്ള വലിയൊരു ആശുപത്രിയാണ് നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്നത്. സർക്കാർനിയന്ത്രണത്തിലുള്ള 350 കിടക്കകളുള്ള പാലൻപുരുകാരുടെ ഏക സിവിൽ ആശുപത്രി ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് ബഹളത്തിനിടയിൽ തുച്ഛവിലക്ക് കച്ചവടമാക്കിയത് ആരും അറിഞ്ഞില്ല.
ഭുജിൽ ഭൂകമ്പാനന്തരം അന്തർദേശീയ ഏജൻസികളുടെ അടക്കം സഹായത്തോടെ നിർമിച്ച 400 കിടക്കകളുള്ള സർക്കാർ ആശുപത്രി അദാനിക്ക് മെഡിക്കൽ കോളജ് നടത്താൻ പ്രതിവർഷം ഒരു രൂപ നിരക്കിൽ പാട്ടത്തിന് നൽകിയിരുന്നു. ഇതാണ് സ്വന്തം നിലക്ക് തുടങ്ങുന്ന സ്വകാര്യ മെഡിക്കൽ കോളജിന് പാലൻപുരിലെ ജില്ല ആശുപത്രി പാട്ടത്തിന് ഏറ്റെടുക്കാൻ ആരോഗ്യമന്ത്രി ശങ്കർ ചൗധരിക്ക് ധൈര്യം നൽകിയത്. എന്നാൽ, തങ്ങളുടെ സ്വകാര്യ മെഡിക്കൽ കോളജ് യാഥാർഥ്യമാകുന്നതോടെ വടക്കൻ ഗുജറാത്തിലെയും രാജസ്ഥാനിലെയും രോഗികളുടെ ഹബ് ആയി ബനസ്കന്ത മാറുമെന്നാണ് ശങ്കർ ചൗധരിയുടെ അവകാശവാദം. പാലൻപുരിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ മോരിയയിൽ 700 കിടക്കകളുള്ള ആശുപത്രിയോടെ മെഡിക്കൽ കോളജ് തുടങ്ങുമെന്നായിരുന്നു കഴിഞ്ഞ ജൂലൈയിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ, സ്വപ്നത്തിലുള്ള ആ ആശുപത്രി യാഥാർഥ്യമാക്കുംമുേമ്പ മെഡിക്കൽ സീറ്റുകളുടെ കച്ചവടം നടത്താനാണ് നിലവിലുള്ള സർക്കാർ ആശുപത്രി ആരുമറിയാതെ സ്വകാര്യമായി പാട്ടത്തിന് ഏറ്റെടുത്തത്.
അഞ്ചുവർഷം കൊണ്ട് തങ്ങൾ പദ്ധതിയിടുന്ന ആശുപത്രി പണിപൂർത്തിയാകുമെന്നും അതുവരെ പാലൻപുർ സിവിൽ ആശുപത്രി പാട്ടത്തിനെടുക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാൽ, പാട്ടക്കരാറിൽ വർഷം അഞ്ചല്ല, 33 ആണ്. സിവിൽ ആശുപത്രി തങ്ങളുടെ ട്രസ്റ്റ് ഏറ്റെടുത്താലും സ്വകാര്യ സേവനങ്ങൾ പതിവുപോലെ തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, പാട്ടക്കരാറിലെ പല വ്യവസ്ഥകളും മറച്ചുവെച്ചാണ് അവകാശവാദം. ഇതിനകം ട്രസ്റ്റും സർക്കാറും തമ്മിൽ ഒപ്പിട്ട ധാരണപത്രം അനുസരിച്ച് സ്വകാര്യ മെഡിക്കൽ കോളജിനായി ഏറ്റെടുത്താലും അടുത്ത അഞ്ചുവർഷത്തേക്ക് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരുടെ ശമ്പളം ഗുജറാത്ത് സർക്കാർതന്നെ നൽകണം.
ഒരുവർഷം കൂടി നിലവിലുള്ള ഡോക്ടർമാർക്കും ജീവനക്കാർക്കും ആശുപത്രിയിൽ തുടരാം. അതിനുശേഷം അവർ വേണമോ വേണ്ടയോ എന്ന് ട്രസ്റ്റ് തീരുമാനിക്കും. അഞ്ചുവർഷത്തിന് ശേഷമേ ആശുപത്രി ജീവനക്കാർക്ക് ശമ്പളം ട്രസ്റ്റ് നൽകേണ്ടതുള്ളൂ. ആരോഗ്യ സൂചികയിൽ ബനസ്കന്ത ഏറ്റവും പിന്നാക്കം നിൽക്കുേമ്പാഴാണ് ഇതിനകം വിദ്യാഭ്യാസം പൂർണമായും കച്ചവടവത്കരിച്ച ഗുജറാത്തിൽ മെഡിക്കൽ സീറ്റ് കച്ചവടത്തിനായി ആരോഗ്യമന്ത്രിക്ക് സർക്കാർ ആശുപത്രി പാട്ടത്തിന് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
