ഗുജറാത്തിൽ ഡോക്ടറുടെ ആത്മഹത്യ: ബി.ജെ.പി എം.പിക്കും പിതാവിനുമെതിരെ പ്രേരണക്കുറ്റം
text_fieldsവെരാവൽ: മൂന്ന് മാസം മുമ്പ് ഗുജറാത്തിൽ ഡോക്ടർ ആത്മഹത്യചെയ്ത സംഭവത്തിൽ ബി.ജെ.പി എം.പി രാജേഷ് ചുഡസമക്കും പിതാവിനുമെതിരെ കേസെടുത്ത് പൊലീസ്. ജുനഡഗ് മണ്ഡലത്തിൽനിന്നുള്ള എം.പിയാണ് ചുഡസമ. ഭീഷണിപ്പെടുത്തൽ, ആത്മഹത്യാ പ്രേരണ എന്നിവയാണ് കുറ്റങ്ങൾ. ഗുജറാത്തിലെ വരാവൽ നഗരത്തിൽ ഫെബ്രുവരി 12നാണ് ഡോ. അതുൽ ചഗിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഡോക്ടറുടെ മകൻ ഹിതാർഥ് പരാതി നൽകി. മേഖലയിലെ പ്രമുഖ ഡോക്ടറായിരുന്ന ചഗിന്റെ മരണശേഷം സംഭവത്തിൽ എം.പിയെയും പിതാവിനെയും പ്രതിസ്ഥാനത്തുനിർത്തുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന്റെ ശ്രദ്ധയിൽപെട്ടെങ്കിലും അവർ അവഗണിച്ചു. തുടർന്ന് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിതാർഥ് ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളുകയായിരുന്നു. എന്താണ് കേസെടുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നകാര്യം വ്യക്തമല്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എഫ്.ഐ.ആർ പ്രകാരം, എം.പിക്കും പിതാവിനും മരിച്ച ഡോക്ടറുമായി 20 വർഷത്തെ ബന്ധമുണ്ട്.
2008 മുതൽ ഇരുവരും ഡോക്ടറിൽനിന്ന് 1.75 കോടി രൂപ കടം വാങ്ങി. പകരം ചെക്ക് നൽകി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും എം.പിയും പിതാവും കൊടുത്തില്ല. ഡോക്ടർ പിന്നീട് ബാങ്കിൽ സമർപ്പിച്ച 90 ലക്ഷത്തിന്റെ ചെക്ക് മടങ്ങുകയും ചെയ്തു. പണം തിരികെ ആവശ്യപ്പെട്ടതിന് ഇരുവരും ചേർന്ന് ഡോക്ടറോട് മോശമായി പെരുമാറുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയും പണം നഷ്ടപ്പെട്ടതും ഡോക്ടറെ മാനസികമായി തകർത്തു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

