ജനങ്ങളെ സേവിക്കാൻ നിസ്സംഗത; ഗുജറാത്തിലെ മുതിർന്ന നേതാവ് അർജുൻ മോദ്‍വാദിയ കോൺഗ്രസ് വിട്ടു
text_fieldsഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്‍വാദിയ രാജിക്കത്ത് സ്പീക്കർക്ക് കൈമാറുന്നു
അഹ്മദാബാദ്: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും പോർബന്തർ എം.എൽ.എയുമായ അർജുൻ മോദ്‍വാദിയ പാർട്ടി വിട്ടു. 40 വർഷമായി കോൺഗ്രസിലുണ്ട് ഇദ്ദേഹം. ജനങ്ങൾക്ക് സഹായം നൽകുന്നതിൽ നിസ്സഹായത തോന്നുന്നുവെന്നും അതിനാൽ പാർട്ടി വിടുകയുമാണെന്നാണ് അദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് നൽകിയ രാജിക്കത്തിൽ വിശദീകരിച്ചത്. ജനങ്ങളുടെ വികാരം കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ എം.എൽ.എ സ്ഥാനം ഒഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് ഗുജറാത്ത് വിധാൻ സഭ സ്പീക്കർക്ക് കൈമാറി. ജനുവരി 11ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചപ്പോൾ കോൺഗ്രസ് നിരസിച്ചപ്പോൾ താൻ വിയോജിപ്പു പ്രകടിപ്പിച്ചതായും അർജുൻ മോദ്‍വാദിയ പറഞ്ഞു.
ജനങ്ങളുടെ മതവികാരമാണ് കോൺഗ്രസ് വ്രണപ്പെടുത്തിയത്. ജനങ്ങളുടെ വികാരം കണക്കിലെടുക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ കണ്ടിട്ടുള്ളവരെല്ലാം കോൺഗ്രസിന്റെ തീരുമാനത്തിൽ മനംനൊന്തവരാണ്. അയോധ്യയിലെ പരിപാടി ബഹിഷ്‍കരിക്കുക വഴി കോൺഗ്രസ് നേതൃത്വം ശ്രീരാമനെയാണ് അപമാനിച്ചത്. പ്രാണപ്രതിഷ്ഠ ചടങ്ങിൽ നിന്ന് ശ്രദ്ധ തിരിക്കാനായി അസമിൽ കലാപം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചു. ഇത് ഞങ്ങളുടെ പാർട്ടി കേഡർമാരെയും ഭാരതത്തിലെ പൗരന്മാരെയും കൂടുതൽ രോഷാകുലരാക്കിയെന്നും മോദ്‍വാദിയ കുറ്റപ്പെടുത്തി.
ഗുജറാത്തിലെ കോൺഗ്രസ് പ്രസിഡന്റായും പ്രതിപക്ഷ നേതാവായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. രണ്ടു തവണ എം.എൽ.എയുമായി. 2022ലും പോർബന്തറിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

