ഗുജറാത്തിൽ മദ്യലഹരിയിൽ അധ്യാപകൻ ഓടിച്ച കാർ മോട്ടോർ സൈക്കിളിലിടിച്ചു; കാറിനുമേൽ വീണയാളെയും കുരുങ്ങിയ വണ്ടിയെയും കൊണ്ട് ഓടിയത് കിലോമീറ്ററോളം
text_fieldsവഡോദര: ഗുജറാത്തിലെ ഹൈവേയിൽ മദ്യപിച്ച് കാറോടിച്ച് സ്കൂൾ അധ്യാപകന്റെ ഭീകരത. ബൈക്കുകാരനെ ഇടിച്ചശേഷം മുൻ വശത്ത് തറഞ്ഞുപോയ വണ്ടിയും ബോണറ്റിൽ കിടക്കുന്ന ആളെയും കൊണ്ട് കാർ ഓടിയത് ഒരു കിലോമീറ്ററോളം. മെദാസ-ലൂനാവാദ ഹൈവേയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം. സുനിൽ മച്ചാർ എന്നയാളും അയാളുടെ ഭാര്യാപിതാവ് ദിനേശ് ചരേലും ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവെ ഒരു കാർ പിറകിൽ നിന്നും ഇടിക്കുകയായിരുന്നു. സുനിൽ മച്ചാർ റോഡിന്റെ വശത്തേക്കും ദിനേശ് ചരേൽ കാറിന്റെ ബോണറ്റിനുമാണ് ചെന്നുവീണത്. കാറിന്റെ മുൻവശത്ത് മോട്ടോർ സൈക്കിൾ തറഞ്ഞുപോവുകയും ചെയ്തു.
ഇത്രയൊക്കെ ആയിട്ടും കാർ നിർത്തിയില്ല. ഇങ്ങനെ ഒരു കിലോമീറ്ററോളം ദൂരം ഇയാൾ കാറോടിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഹൈവേയിൽ മറ്റൊരു കാറിൽ സഞ്ചരിച്ചവരുടെ ശ്രദ്ധയിൽ ഈ കാഴ്ച പതിയുകയായിരുന്നു. അവർ ഇത് വിഡിയോയിൽ പകർത്തുകയും ആ കാറിനെ പിന്തുടർന്ന് നിർത്തിക്കുകയും ചെയ്തു.
പാഞ്ഞെത്തിയ നാട്ടുകാരും മറ്റുള്ളവരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിലെത്തിച്ചു. കാറിനകത്തുണ്ടായിരുന്ന രണ്ടുപേരെയും മദ്യക്കുപ്പികളും ഇവർ പൊലീസിലേൽപിച്ചു. മനീഷ് പട്ടേൽ എന്ന പ്രൈമറി സ്കൂൾ അധ്യാപകനാണ് കാറോടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ സഹോദരൻ മെഹുൽ പട്ടേൽ ആണ് കൂടെ ഉണ്ടായിരുന്നത്. പട്ടേലിനുവേണ്ടി തൊഴിലാളികളെ എടുക്കാൻ രാജസ്ഥാനിലേക്കു പോവുകയായിരുന്നു ഇരുവരുമെന്നും മനീഷിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്നും ഇയാൾക്കെതിരെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പിനോട് ശിപാർശ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
അപകടം കണ്ട് കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വണ്ടിയോടിച്ചയാൾക്ക് സ്വബോധം ഉണ്ടായിരുന്നില്ലെന്നും എന്താണ് പ്രശ്നമെന്ന് തങ്ങളോട് ചോദിച്ചുവെന്നും ആകാശ് നതാനി എന്നയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

