സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിൽ പൊട്ടിത്തെറി; മത്സരിക്കാനില്ലെന്ന് രണ്ട് സ്ഥാനാർഥികൾ
text_fieldsഅഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിൽ പൊട്ടിത്തെറി. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു.
വഡോദരയിലെ സിറ്റിങ് എം.പിയും സ്ഥാനാർഥിയുമായ രഞ്ജൻബെൻ ഭട്ട്, സബർക്കന്ധയിലെ സ്ഥാനാർഥി ഭിക്കാജി താക്കൂർ എന്നിവരാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. മൂന്നാംതവണയും ബി.ജെ.പി സീറ്റ് നൽകിയ രഞ്ജൻബെൻ ഭട്ട് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുന്നുവെന്നാണ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്‍റെ തീരുമാനം ഇവർ പ്രഖ്യാപിച്ചത്. രഞ്ജൻബെൻ ഭട്ടിന്‍റെ സ്ഥാനാർഥിത്വത്തിൽ രൂക്ഷ വിമർശനവുമായി മഹിള മോർച്ച മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ജ്യോതി പാണ്ഡ്യ രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം വ്യക്തമാക്കുന്നതായിരുന്നു ഇത്. രഞ്ജൻബെൻ ഭട്ട് പിന്മാറിയതിന് പിന്നാലെ ജ്യോതി പാണ്ഡ്യയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
'10 ദിവസമായി അവഹേളനം സഹിക്കുന്നു. ഒരു പെട്ടിക്കട പോലുമില്ലാത്ത മകൻ ഷോപ്പിങ് മാൾ ഉടമയാണെന്നുവരെ പ്രചാരണമുണ്ടായി. കേന്ദ്രനേതൃത്വം മൂന്നാമതും സ്ഥാനാർഥിയാക്കിയതിൽ സന്തോഷമുണ്ട്. പക്ഷേ, പാർട്ടിക്ക് ധാരാളം പ്രവർത്തകരുണ്ട്. അവരിലാർക്കെങ്കിലും സ്ഥാനം നൽകട്ടെ' -രഞ്ജൻബെൻ ഭട്ട് പറഞ്ഞു.
ഭട്ടിന്‍റെ പിന്മാറ്റത്തിന് പിന്നാലെയാണ് സബർക്കന്ധയിലെ സ്ഥാനാർഥി ഭിക്കാജി താക്കൂറും പിന്മാറ്റം പ്രഖ്യാപിച്ചത്. രണ്ടുതവണയായി ഇവിടെ വിജയിച്ചിരുന്ന ദീപ് സിങ് താക്കൂറിനെ മാറ്റിയാണ് ഭിക്കാജിക്ക് ടിക്കറ്റ് നൽകിയത്. മുൻ വി.എച്ച്.പി. നേതാവായ ഭിക്കാജി പാർട്ടിയുടെ ആരവല്ലി ജില്ല ജനറൽ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് സീറ്റ് നൽകിയതിൽ അതൃപ്തരായവർ ജാതിയെച്ചൊല്ലി വിവാദമുയർത്തിയിരുന്നു. ഇതാണ് ഭിക്കാജി താക്കൂറിന്‍റെ പിന്മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

