ദക്ഷിണ ഗുജറാത്തിൽ ബി.ജെ.പി വിയർക്കും
text_fieldsഅഹ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ദക്ഷിണ മേഖലയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് എളുപ്പമാവില്ലെന്ന് വിലയിരുത്തൽ. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും വിവിധ സർക്കാർ പദ്ധതികൾക്കെതിരെ ഗോത്രവർഗക്കാരുടെ പ്രതിഷേധവും ബി.ജെ.പിയെ ബാധിച്ചേക്കും.
ഡിസംബർ ഒന്നിന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 35 സീറ്റുകൾ ദക്ഷിണ മേഖലയിലെ ഭറൂച്, നർമദ, താപി, ഡാങ്, സൂറത്ത്, വൽസദ്, നവ്സാരി ജില്ലകളിലാണ്. 2017ൽ ഇവിടത്തെ 35ൽ 25 സീറ്റും ബി.ജെ.പിക്കായിരുന്നു. കോൺഗ്രസ് എട്ടും ഭാരതീയ ട്രൈബൽ പാർട്ടി രണ്ടും സീറ്റ് നേടിയിരുന്നു.
പട്ടികവർഗ സംവരണമുള്ള 14 സീറ്റുകളിൽ അഞ്ചെണ്ണം മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകൾ കൂടി പിന്നീട് കോൺഗ്രസിൽനിന്ന് ബി.ജെ.പി പിടിച്ചെടുത്തു. ഗോത്രവർഗ മേഖലകൾ ഇപ്പോഴും ബി.ജെ.പിക്ക് പൂർണമായി പിടികൊടുത്തിട്ടില്ല.
എന്നാൽ, നഗര മേഖലകൾ അങ്ങനെയല്ല. സൂറത്ത് ജില്ലയിലെ 16ൽ 15 സീറ്റും കഴിഞ്ഞതവണ ബി.ജെ.പിയാണ് സ്വന്തമാക്കിയത്. പാട്ടിദാർ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിട്ടും സൂറത്തിലെ മണ്ഡലങ്ങൾ ബി.ജെ.പിക്കൊപ്പം നിന്നു. എന്നാൽ, ഇത്തവണ ആം ആദ്മി പാർട്ടിയുടെ വരവ് ബി.ജെ.പിക്ക് കാര്യങ്ങൾ ദുഷ്‍കരമാക്കുമെന്ന വിലയിരുത്തലുണ്ട്.
അടുത്തിടെ നടന്ന സൂറത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആപ് 27 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. പാട്ടിദാർ പ്രക്ഷോഭ നേതാക്കളായ അൽപേഷ് കാത്തിരിയയും ധാർമിക് മാളവ്യയും ആപ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ആപ്പിന്റെ ഗുജറാത്ത് അധ്യക്ഷനായ ഗോപാൽ ഇതാലിയയും മത്സരിക്കുന്നു. പാട്ടി
ദാർ വോട്ടുകൾ കൂട്ടത്തോടെ തങ്ങൾക്ക് കിട്ടുമെന്നും അത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നും ആപ് സംസ്ഥാന വൈസ് പ്രസിഡന്റ് ഭേമബായ് ചൗധരി പറഞ്ഞു.
1,621 സ്ഥാനാർഥികൾ
അഹ്മദാബാദ്: അടുത്തമാസം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത് 1,621 സ്ഥാനാർഥികൾ. നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെയാണ് സ്ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞത്. ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടങ്ങളായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. 182 സീറ്റുകളിൽ 89 എണ്ണത്തിലേക്ക് നടക്കുന്ന ആദ്യ ഘട്ടത്തിൽ 788 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. രണ്ടാം ഘട്ടത്തിലെ 93 സീറ്റുകളിലേക്ക് 833 സ്ഥാനാർഥികളും.
ബി.ജെ.പിയും ആം ആദ്മി പാർട്ടിയും 182 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 179 മണ്ഡലങ്ങളിൽ സ്ഥാനാർഥികളുണ്ട്. മൂന്നു സീറ്റുകളിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻ.സി.പി മത്സരിക്കും.