ആദ്യഘട്ടം: ഗുജറാത്തിൽ കണ്ണുകളെല്ലാം സൂറത്തിലേക്ക്
text_fieldsഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ട പ്രചാരണം അവസാനിച്ചപ്പോൾ എല്ലാ കണ്ണുകളും സൂറത്തിലേക്ക്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ ആപ്പും ബി.ജെ.പിയും തമ്മിൽ പോരാട്ടം പൊടിപാറിയ സൂറത്തിൽ അവസാന നാളിലെ പ്രചാരണം കൈയാങ്കളിയോളമെത്തി.
സൂറത്തിലെ ഏഴോ എട്ടോ മണ്ഡലങ്ങൾ തങ്ങൾക്കാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവകാശപ്പെടുമ്പോൾ അതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രധാന മത്സരം ആപ്പും ബി.ജെ.പിയും തമ്മിലായിട്ടുണ്ട് എന്നതാണ് നേര്. ആം ആദ്മി പാർട്ടിക്ക് ഗുജറാത്തിൽ ഈ തരത്തിൽ ഇളക്കമുണ്ടാക്കാനായത് സൂറത്തിലാണ്.
സൂറത്തിന് പുറമെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏതാനും മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ഏറ്റവും ശക്തനായ എതിരാളിയായി 'ആപ്' മാറിയിട്ടുണ്ടെങ്കിലും അവ വിരലിലെണ്ണാവുന്നവ മാത്രമാണ്. ആപ് മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഖഡ്‍വി മത്സരിക്കുന്ന സൗരാഷ്ട്രയിലെ ഖംഭാലിയയിൽപോലും പ്രവചനാതീതമായ ത്രികോണ മത്സരമാണ്.
ആപ് അക്കൗണ്ട് തുറക്കുന്ന ഘട്ടം
പാട്ടീദാർ സമരനേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കുമിടയിൽ വിഭജിക്കപ്പെട്ട പട്ടേൽ വോട്ടുകളെ ഇക്കുറി കോൺഗ്രസിൽനിന്ന് അടർത്തി തങ്ങൾക്കും ബി.ജെ.പിക്കുമിടയിലാക്കി മാറ്റാൻ ആപ്പിന് കഴിഞ്ഞിട്ടുണ്ട്.
ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിൽ നേരിട്ടുള്ള മത്സരമായി മാറിയ സൂറത്തിലെ പല മണ്ഡലങ്ങളിലും കോൺഗ്രസിനെ കാണാനില്ല. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ആപ് സ്ഥാനാർഥി പിന്മാറിയ സൂറത്ത് ഈസ്റ്റ് മാത്രമാണ് ഇതിന് അപവാദം. ത്രികോണമില്ലാതെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്ന സൂറത്തിലെ ഏക മണ്ഡലവും ഇതാണ്.
ഡയമണ്ട് നഗരത്തിലെ 12ൽ ഏഴോ എട്ടോ സീറ്റുകൾ നേടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവകാശപ്പെടുമ്പോൾ താഴേതട്ടിൽ പ്രവർത്തിക്കുന്ന ആപ് പ്രവർത്തകർ സ്വകാര്യ സംഭാഷണങ്ങളിൽപോലും അഞ്ചോ ആറോ സീറ്റുകൾ ഉറപ്പിക്കുന്നു. ഇതിൽ ആപ് സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ മത്സരിക്കുന്ന കട്ടർഗം, പാട്ടീദാർ ആന്ദോളൻ സമിതി (പാസ്) നേതാവ് അൽപേഷ് കഥിരിയ മത്സരിക്കുന്ന വരാച്ച റോഡ് എന്നിവയിൽ എതിരാളികളും ആപ് ജയിക്കുമെന്ന ആശങ്കയിലാണ്.
കട്ടർഗമിലെ 2.77 ലക്ഷവും വരാച്ചയിലെ വോട്ടർമാരിൽ ഭൂരിഭാഗവും പാട്ടീദാർമാരാണ്. ഇതുകൂടാതെ പാസ് നേതാക്കളായ രാം ധമുകും ധാർമിക് മാളവ്യയും മത്സരിക്കുന്ന കാംരേജും ഒലപഡും ആപ് പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും മത്സരം ത്രികോണമാണ്.
''പ്രാരബ്ധമില്ലെങ്കിൽ വോട്ടുകൾ മോദിക്ക്''
ബി.ജെ.പിയുടെ തട്ടകമായ വസ്ത്ര - ഡയമണ്ട് വ്യാപാര മേഖലയിൽ അതിനെ മാത്രം ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. മൂന്നു കടകൾ നടത്തി ഇടത്തരം വ്യാപാരവുമായി മുന്നോട്ടുപോകുന്ന അവിവാഹിതനായ അനിൽ വ്യാസിന് ആപ്പും ബി.ജെ.പിയും തമ്മിലുള്ള പോര് കടുത്തിട്ടും അതിലൊന്നും താൽപര്യമില്ല.
ഒടുവിൽ ഭൂരിഭാഗം ഗുജറാത്തികളുടെയും വോട്ട് മോദിക്കായിരിക്കുമെന്നും വ്യാസ് പറയുന്നു. ഗുജറാത്തിന്റെ അഭിമാനം രാജ്യത്തിനും ലോകത്തിനും മുന്നിൽ ഉയർത്തിയതും കൂടുതൽ വ്യവസായങ്ങൾ ഗുജറാത്തിലേക്ക് കൊണ്ടുവന്നതും മോദിയാണെന്ന് വിശ്വസിക്കുന്നവരാണ് തന്നെ പോലുള്ളവർ.
എന്നാൽ, എല്ലാവരും പ്രാരബ്ധമില്ലാത്ത തന്നെ പോലെയല്ലെന്നും ദരിദ്രരും സാധാരണക്കാരുമായ മനുഷ്യർക്കിടയിൽ ആം ആദ്മി പാർട്ടിയുടെ വാഗ്ദാനങ്ങൾ വലിയ ചർച്ചയായിട്ടുണ്ടെന്നും വ്യാസ് പറഞ്ഞു. പ്രാരബ്ധക്കാരായ ദരിദ്രരും പിന്നാക്ക വിഭാഗങ്ങളും മാറ്റത്തിന് വോട്ടുചെയ്യുമെന്ന് തുറന്നു പറയുന്നുണ്ട്. അവരുടെ വോട്ട് മോദിക്ക് കിട്ടില്ല. അത് കോൺഗ്രസിന് വീഴുമോ എന്നു ചോദിച്ചാൽ അതിന് കോൺഗ്രസ് എവിടെ എന്നാണ് വ്യാസിന്റെ മറുചോദ്യം.
നേതാക്കളുടെ നാക്കുപിഴക്ക് വിലയൊടുക്കുന്ന കോൺഗ്രസ്
എന്നാൽ, സൂറത്തിലെ ഈ സ്ഥിതിയല്ല, ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്ന സൗരാഷ്ട്രയിലും കച്ചിലും. 27 വർഷം പ്രതിപക്ഷത്തിരുന്നിട്ടും കോൺഗ്രസിന് അടിത്തറയുള്ള മേഖലയിൽ ആപ് പിടിക്കുന്ന വോട്ടുകൾ തങ്ങൾക്ക് നേട്ടമാകുമെന്നാണ് പാർട്ടി കണക്കൂകൂട്ടിയത്. മോദിയുടെ പ്രതിച്ഛായയെ സ്ഥാനാർഥികളുടെ ജാതി സമവാക്യത്തിലൂടെ നേരിടുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
മുതിർന്ന നേതാക്കളുടെ പരസ്യപ്രചാരണം ഇല്ലാത്തത് ബി.ജെ.പിക്ക് വിവാദങ്ങൾക്കൊരു പഴുതും നൽകിയില്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആശ്വസിച്ചിരിക്കുമ്പോഴാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോദി എന്താ രാവണനാണോ എന്നു ചോദിച്ചത്. കോൺഗ്രസിനെതിരെ ഒടുവിൽ കിട്ടിയ കച്ചിത്തുരുമ്പ് പരമാവധി വൈറലാക്കുകയാണ് ബി.ജെ.പി. സോണിയയുടെ 'മൗത് കീ സൗദാഗർ' പോലെയാകുമോ ഖാർഗെയുടെ ഈ നാക്കു പിഴ എന്നാണ് കോൺഗ്രസുകാരുടെ ആശങ്ക.