റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് ജി.എസ്.ടി റീഫണ്ട് അനുവദിക്കാം
text_fieldsന്യൂഡൽഹി: റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ നിരക്കും അതിന്മേൽ ഈടാക്കിയ ജി.എസ്.ടിയും യാത്രക്കാർക്ക് തിരികെ നൽകിയെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ വിമാനക്കമ്പനികൾക്ക് ജി.എസ്.ടി റീഫണ്ട് അനുവദിക്കാമെന്ന് ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണൽ (ജി.എസ്.ടി എ.ടി). കോവിഡിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയപ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കും ജി.എസ്.ടിയും തിരികെ നൽകിയതുമായി ബന്ധപ്പെട്ട് കൊച്ചി സി.ജി.എസ്.ടിക്കെതിരെ സിംഗപ്പൂർ എയർലൈൻസ് നൽകിയ കേസിലാണ് ജി.എസ്.ടി എ.ടി കൊച്ചി ബെഞ്ചിന്റെ ഉത്തരവ്. റീഫണ്ട് അപേക്ഷകൾ രണ്ടാഴ്ചക്കുള്ളിൽ തീർപ്പാക്കി പലിശയുൾപ്പെടെ തുക നൽകാൻ ട്രൈബ്യൂണൽ നികുതി വകുപ്പിനോട് നിർദേശിച്ചു.
2019 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ എട്ട് റീഫണ്ട് അപേക്ഷകളിലായി 45,92,528 രൂപയാണ് സിംഗപ്പൂർ എയർലൈൻസ് ആവശ്യപ്പെട്ടത്. എന്നാൽ, ക്രെഡിറ്റ് നോട്ടുകൾ വഴി ഈ തുക ഔട്ട്പുട്ട് ടാക്സിൽ ക്രമീകരിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ റീഫണ്ട് അപേക്ഷകൾ ജി.എസ്.ടി ജോയന്റ് കമീഷണർ നിരസിച്ചതോടെയാണ് കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്.
യാത്രക്കാർക്ക് ടിക്കറ്റ് നിരക്കും ജി.എസ്.ടിയും പൂർണമായി തിരികെ നൽകിയതിന്റെ മതിയായ തെളിവുകൾ കമ്പനി ഹാജരാക്കിയതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു.
നികുതിയുടെ ഭാരം യാത്രക്കാരിൽനിന്ന് ഈടാക്കിയശേഷം കമ്പനി തന്നെ വഹിക്കാത്ത സാഹചര്യമില്ലെന്നും നികുതിയിനത്തിൽ അന്യായമായ നേട്ടം കമ്പനിക്കുണ്ടായിട്ടില്ലെന്നും ട്രൈബ്യൂണൽ വിലയിരുത്തി.

