എയർ പ്യൂരിഫയറിന്റെ ജി.എസ്.ടി കുറക്കാനാവില്ല; കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: എയർ പ്യൂരിഫയറിനുള്ള ജി.എസ്.ടി കുറക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ. ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം അനുസരിച്ച് എയർ പ്യൂരിഫയർ മെഡിക്കൽ ഉപകരണമായി കണക്കാക്കാൻ കഴിയില്ലെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ കോടതിയെ ബോധിപ്പിച്ചു.
ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ എയർ പ്യൂരിഫയറിന്റെ ജി.എസ്.ടി കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ഡൽഹി ഹൈകോടതി. ഇക്കാര്യം പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ വികാസ് മഹാജനും വിനോദ് കുമാറും അടങ്ങുന്ന ഡൽഹി ഹൈകോടതി ബെഞ്ച് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രവും സംസ്ഥാനങ്ങളും അടങ്ങുന്ന ഭരണഘടനാ സംവിധാനമാണ് ജി.എസ്.ടി നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുകയെന്ന് എ.എസ്.ജി വാദിച്ചു. അതിന് കൂടിയാലോചനകൾ ആവശ്യമാണ്, ഒരു റിട്ട് ഹരജി സമർപ്പിച്ചാലുടൻ തീരുമാനിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ഹരജികൾ ഗൗരവമായി എടുത്താൽ വിവിധ കോണുകളിൽ നിന്ന് സമാനമായ ആവശ്യങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വാദിച്ചു. ഈ വിഷയം ഉന്നത നയകാര്യ തലത്തിൽ പരിശോധിച്ചിട്ടുണ്ടെന്നും, നികുതി നിരക്കുകൾ മാറ്റണമെന്ന് കോടതിക്ക് ജി.എസ്.ടി കൗൺസിലിനോട് ആവശ്യപ്പെടാൻ കഴിയില്ലെന്നും എ.എസ്.ജി അറിയിച്ചു. എ
ന്നാൽ, വായു മലിനീകരണം രൂക്ഷമായ സാഹചര്യം പൊതുജനങ്ങളുടെ ആരോഗ്യത്തിൽ കടുത്ത പ്രത്യാഘാതമാണ് ഉണ്ടാക്കുന്നതെന്ന കാര്യമാണ് കോടതി എടുത്തുപറഞ്ഞത്. 15,000 രൂപ വരെ വിലവരുന്ന എയർ പ്യൂരിഫയറിന്‍റെ വിലയിൽ സാധാരണക്കാർക്കും ഉപകരിക്കുന്ന വിധത്തിൽ അൽപമെങ്കിലും ആശ്വസമേകാൻ കഴിയില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം.
നികുതി അപ്പാടെ ഒഴിവാക്കാനല്ല താൻ ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാരനായ അഡ്വക്കറ്റ് കപിൽ മദൻ വ്യക്തമാക്കി. മെഡിക്കൽ ഉപകരണമായി കണക്കാക്കുന്നതിന് പകരം എയർ പ്യൂരിഫയർ ഉയർന്ന ജി.എസ്.ടി ഘടനയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ ഘട്ടത്തിൽ ഉത്തരവ് നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി പത്ത് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

