ജി.എസ്.ടി: പ്രതിഷേധവും അവ്യക്തതയും ബാക്കി
text_fieldsന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കി 10 ദിവസം പിന്നിട്ടിട്ടും അവ്യക്തതകളും പ്രതിഷേധങ്ങളും തുടരുന്നു. കേരളത്തിലെ കോഴിക്കച്ചവട മേഖലയിൽ മാത്രമല്ല, വസ്ത്രനിർമാണ മേഖലയിലും ശക്തമായ പ്രതിഷേധമുണ്ട്. പ്രധാനമന്ത്രിയുടെ സ്വദേശമായ ഗുജറാത്തിലെ സൂറത്തിലും അഹ്മദാബാദിലും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലും വസ്ത്രവ്യാപാരികൾ പ്രേക്ഷാഭത്തിലാണ്. ആയിരങ്ങളാണ് പ്രതിഷേധ പ്രകടനങ്ങളിൽ പെങ്കടുത്തത്.
ഇൗറോഡിലെ വസ്ത്രവ്യാപാരി അസോസിയേഷെൻറ ആഭിമുഖ്യത്തിലുള്ള പണിമുടക്ക് അഞ്ചുദിവസം പിന്നിട്ടു. ജില്ലയിലെ അയ്യായിരത്തിലേറെ വസ്ത്രനിർമാണ യൂനിറ്റുകളും തുണിക്കടകളും 20,000ത്തിലേറെ തറികളും അടഞ്ഞുകിടക്കുന്നു. വസ്ത്രങ്ങളുടെ ജി.എസ്.ടി എടുത്തുകളയണമെന്നാണ് ആവശ്യം. ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ നികുതി കുറയുന്ന ഉൽപന്നങ്ങളുടെ കാര്യത്തിൽ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർമാതാക്കൾ തയാറാവുന്നില്ലെന്ന പ്രശ്നവും ബാക്കിനിൽക്കുന്നു. പരമാവധി ചില്ലറ വിൽപന വില (എം.ആർ.പി)യിലെ മാറ്റം പ്രത്യേകമായി പാക്കറ്റിൽ രേഖപ്പെടുത്താതെ ജൂലൈ ഒന്നിനു മുമ്പത്തെ സ്റ്റോക്ക് വിൽക്കാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്.
എന്നാൽ, ജി.എസ്.ടി വഴി നേട്ടമുണ്ടാകുന്ന നിർമാതാക്കൾ സ്റ്റോക്ക് പഴയതായി കാണിക്കാനും വിൽക്കാനും തയാറാവുന്നില്ല. ഇത് വിപണിയിൽ ഉൽപന്നം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാക്കി. ജൂലൈ ഒന്നിനുമുമ്പ് ലഭ്യമായതും അതിനുശേഷം ബിൽ തയാറാക്കുന്നതുമായ ടെലിഫോൺ അടക്കമുള്ള സേവനങ്ങളുടെ ബില്ലിൽ നികുതി കൂടുന്ന സാഹചര്യവുമുണ്ട്. ഒരു രാജ്യം, ഒരു നികുതിയെന്ന മുദ്രാവാക്യമാണ് ജി.എസ്.ടി മുന്നോട്ടുവെക്കുന്നതെങ്കിലും പ്രധാനമന്ത്രി തുടക്കത്തിൽ അവകാശപ്പെട്ടതുപോലെ ‘നല്ലതും ലളിതവുമായ നികുതി’യായി ഉപഭോക്താക്കൾക്കോ വ്യാപാരികൾക്കോ അനുഭവപ്പെടുന്നില്ല.
ബിൽ തയാറാക്കൽ, ജി.എസ്.ടി.എൻ ശൃംഖലവഴി നികുതിയടക്കൽ തുടങ്ങിയവ സംബന്ധിച്ച ആശയക്കുഴപ്പവും തെറ്റായ ബില്ലടിക്കലും തുടരുന്നു. തയാറെടുപ്പുകൾ പൂർത്തിയാക്കാതെ ജൂലൈ ഒന്നിനുതന്നെ ജി.എസ്.ടി പ്രാബല്യത്തിലാക്കാൻ ധിറുതി പിടിച്ചതാണ് പ്രധാന പ്രശ്നമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒറ്റ നികുതിയെന്ന ആശയം പൂർണാർഥത്തിൽ നടപ്പാക്കാൻ സർക്കാറിന് സാധിച്ചില്ല. ഏഴെട്ടു നികുതിനിരക്കുകളാണ് നിലവിലുള്ളത്.