ന്യൂഡൽഹി: സാധന സേവന നികുതി (ജി.എസ്.ടി) 2017 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുന്നതിൽ സർക്കാർ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും ജി.എസ്.ടി നടപ്പിലാക്കിയാൽ നികുതി പിരിവ് കൂടുകയും നികുതി സംവിധാനം സുതാര്യമാവുകയും െചയ്യുമെന്നും അദ്ദേഹം പറഞ്ഞു. . ജിഎസ്ടി നടപ്പിലാക്കിയാൽ മൊത്തം ആഭ്യന്തര ഉൽപാദനം 1.5 മുതൽ 2 ശതമാനം വരെ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ ഉൽപാദനം സ്വയം പര്യാപ്തത എന്ന വിഷയത്തിൽ വ്യാപാര വ്യവസായ സംഘടനകളുടെ സമിതിയായ അസോച്ചം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ആവശ്യങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.